Kerala News Politics

വൈദ്യുതി കരാറിൽ 800 കോടിയുടെ നഷ്ടം; സ്വകാര്യ കമ്പനിയിൽ നിന്നുള്ള വൈദ്യുതി വാങ്ങലിന് പിന്നിൽ അഴിമതി: എം.ടി. രമേശ്

തൃശൂർ: കോൺഗ്രസും മറ്റ് പ്രതിപക്ഷ പാർട്ടികളും രാജ്യദ്രോഹ ശക്തികളും ഒന്നിച്ചുചേർന്ന് രാജ്യത്ത് വിവിധ തരത്തിലുള്ള പ്രക്ഷോഭങ്ങളും പരിപാടികളും സംഘടിപ്പിക്കുമ്പോൾ, കോൺഗ്രസിന്റെ സമരങ്ങളുടെ പൊള്ളത്തരങ്ങൾ തുറന്നുകാട്ടുകയാണ് ബിജെപിയെന്ന് സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി. രമേശ് പറഞ്ഞു.

സംസ്ഥാനത്തെ യുഡിഎഫ് സർക്കാരിന് കൂട്ടുത്തരവാദിത്വം നഷ്ടപ്പെട്ടിരിക്കുകയാണ്. വൈദ്യുതി വാങ്ങുന്നതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി സ്വീകരിച്ച ഏകപക്ഷീയമായ നിലപാട് ഇതിന്റെ വ്യക്തമായ തെളിവാണ്. വൈദ്യുതി പ്രതിസന്ധി ഉണ്ടായ മുൻഘട്ടത്തിൽ കേന്ദ്രസർക്കാർ അധിക വൈദ്യുതി അനുവദിച്ചതുകൊണ്ടാണ് പ്രതിസന്ധി മറികടക്കാൻ കേരളത്തിന് സാധിച്ചത്. എന്നാൽ, ഹിമാചൽപ്രദേശിൽ നിന്ന് വൈദ്യുതി വാങ്ങാനുള്ള കരാർ റദ്ദാക്കി സ്വകാര്യ കമ്പനിയിൽ നിന്ന് വൈദ്യുതി വാങ്ങാനുള്ള നീക്കത്തിന് പിന്നിലെന്താണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം.

സ്വകാര്യ കമ്പനിയിൽ നിന്ന് വൈദ്യുതി വാങ്ങുന്നതിലൂടെ സർക്കാരിന് ഏകദേശം 800 കോടി രൂപയുടെ അധിക സാമ്പത്തിക ബാധ്യതയുണ്ടാകുമെന്നാണ് കണ്ടെത്തൽ. ഇത് വൈദ്യുതി വകുപ്പിന് വലിയ നഷ്ടമുണ്ടാക്കും. ഹിമാചൽപ്രദേശിൽ നിന്നുള്ള വൈദ്യുതി വാങ്ങൽ കരാർ റദ്ദാക്കി സ്വകാര്യ കമ്പനിയെ ആശ്രയിക്കാനുള്ള നീക്കത്തിന് പിന്നിൽ വലിയ അഴിമതിയുണ്ടെന്നാണ് സംശയിക്കേണ്ടത്. ഇപ്പോഴത്തെ തീരുമാനത്തിന് പിന്നിൽ കമ്മീഷൻ ഇടപാടുകളുണ്ടെന്ന ആരോപണവും ഉയരുന്നുണ്ട്. ഹിമാചൽപ്രദേശിൽ നിന്ന് വൈദ്യുതി വാങ്ങുന്നതിനുള്ള നീക്കത്തിന് സഹായിച്ചത് കെ.സി. വേണുഗോപാലാണെന്ന് സണ്ണി ജോസഫ് നേരത്തെ പറഞ്ഞിരുന്നു. കെ.സി. വേണുഗോപാലുമായുള്ള ഗ്രൂപ്പ് പോരിന്റെ ഭാഗമായാണോ ഇപ്പോഴത്തെ നീക്കമെന്നും സംശയിക്കേണ്ടതുണ്ട്.

പിഎസ്‌സി നിലനിർത്തണമോ വേണ്ടയോ എന്ന കാര്യത്തിൽ മുഖ്യമന്ത്രി വ്യക്തമായ നിലപാട് വ്യക്തമാക്കണം. പിഎസ്‌സി നിലനിർത്തണമെന്നാണ് നിലപാടെങ്കിൽ അതുസംബന്ധിച്ച് സിപിഎമ്മുമായുള്ള ധാരണ എന്താണെന്ന് വ്യക്തമാക്കണം. മറിച്ചാണ് നിലപാടെങ്കിൽ പിഎസ്‌സി പിരിച്ചുവിടുന്നതിനുള്ള നടപടി സ്വീകരിക്കാൻ സർക്കാർ തയ്യാറാകണം.

എക്സൈസ് മന്ത്രിയുടെ കഴിഞ്ഞ ദിവസത്തെ പ്രസ്താവനയും കേരളം കണ്ടതാണ്. ഉദ്യോഗസ്ഥരെ നിയന്ത്രിക്കാൻ സർക്കാരിന് സാധിക്കുന്നില്ലെന്നതിന്റെ വ്യക്തമായ സൂചനയാണത്. അധികാരത്തിലെത്തി ഇത്രയും മാസങ്ങൾ കഴിഞ്ഞിട്ടും ഉദ്യോഗസ്ഥരെ നിയന്ത്രിക്കാൻ കഴിയാത്തത് സർക്കാരിന്റെ ഭരണപരാജയമാണ്.

തൃശൂരിൽ നടന്ന വാർത്താസമ്മേളനത്തിൽ എം.ടി. രമേശിനൊപ്പം ബിജെപി ജില്ലാ പ്രസിഡന്റ് ജസ്റ്റിൻ ജേക്കബ്, സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. കെ.കെ. അനീഷ് കുമാർ, എം.വി. ഗോപകുമാർ, എൻ.ആർ. റോഷൻ, ദിനേഷ്‌കുമാർ കരിപ്പേരിൽ എന്നിവർ സംബന്ധിച്ചു.

Leave a Reply

Your email address will not be published. Required fields are marked *