Agriculture Kerala News

ക്ലിഫ് ഹൗസിൽ പച്ചക്കറി കൃഷിക്ക് തുടക്കം കുറിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: കൃഷി കേരളം പദ്ധതിയുടെ ഭാഗമായി ക്ലിഫ് ഹൗസ് വളപ്പിൽ പച്ചക്കറി കൃഷിക്ക് തുടക്കം കുറിച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ. കൃഷിവകുപ്പ് മന്ത്രി ടി. സിദ്ദിഖ്, തിരുവനന്തപുരം സെൻ്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥികൾ എന്നിവർക്കൊപ്പമാണ് മുഖ്യമന്ത്രി കാബേജ്, കോളിഫ്ലവർ തൈകൾ നട്ടത്.

ജൈവകൃഷി പ്രോത്സാഹിപ്പിക്കുക, ഭക്ഷ്യസുരക്ഷ ഉറപ്പാക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് കൃഷിവകുപ്പ് പദ്ധതി നടപ്പാക്കുന്നത്. ക്ലിഫ് ഹൗസിലെ ഒരേക്കർ സ്ഥലത്ത് ശീതകാല പച്ചക്കറികൾക്കു പുറമെ വിവിധയിനം കിഴങ്ങുവർഗങ്ങൾ, ചീര, വാഴ എന്നിവയും കൃഷി ചെയ്യും. ഒന്നര മാസത്തിനുള്ളിൽ ആദ്യ വിളവെടുപ്പ് നടത്താനാണ് ലക്ഷ്യമിടുന്നത്.

കൃഷിഭവൻ ഉദ്യോഗസ്ഥരുടെ മേൽനോട്ടത്തിൽ ക്ലിഫ് ഹൗസ് ജീവനക്കാർക്കായിരിക്കും കൃഷിയുടെ പരിപാലന ചുമതല. പദ്ധതിയുടെ ഭാഗമായി മന്ത്രിമാരുടെ ഔദ്യോഗിക വസതികളിലും പച്ചക്കറിത്തോട്ടങ്ങൾ ഒരുക്കും. എംഎൽഎമാർ ഉൾപ്പെടെയുള്ള ജനപ്രതിനിധികളെയും പദ്ധതിയുടെ ഭാഗമാക്കും.

വിദ്യാലയങ്ങളിൽ പച്ചക്കറി കൃഷി പ്രോത്സാഹിപ്പിക്കുന്നതിനായി കൃഷി, പൊതുവിദ്യാഭ്യാസ വകുപ്പുകൾ സംയുക്തമായി ‘കതിർ’ പദ്ധതിയും ആരംഭിച്ചിട്ടുണ്ട്. വിദ്യാർത്ഥികളിൽ കാർഷിക അവബോധം വളർത്തുകയും കൃഷിയോട് താൽപര്യം സൃഷ്ടിക്കുകയും ചെയ്യുകയാണ് പദ്ധതിയുടെ ലക്ഷ്യം.

Leave a Reply

Your email address will not be published. Required fields are marked *