
ഗുരുവായൂർ ദേവസ്വം വക മലപ്പുറം വെങ്ങാട് ഗോശാലയുടെ വികസനത്തിനായി തയ്യാറാക്കിയ 70 കോടി രൂപയുടെ സമഗ്രപദ്ധതിയുടെ നിർമ്മാണ ഉദ്ഘാടനം ദേവസ്വം മന്ത്രി ശ്രീ.കെ.മുരളീധരൻ നിർവ്വഹിച്ചു. വെങ്ങാട് ഗോശാലാ പരിസരത്ത് ഇന്ന് രാവിലെ പതിനൊന്നരയോടെ നടന്ന ചടങ്ങിലായിരുന്നു ഉദ്ഘാടനം .ദേവസ്വം ആഭിമുഖ്യത്തിൽ വെറ്ററിനറി കോളേജ് സ്ഥാപിക്കുന്ന കാര്യത്തിൽ
വിശദമായ എസ്റ്റിമേറ്റ് സഹിതം റിപ്പോർട്ട് സമർപ്പിച്ചാൽ അടുത്ത ബജറ്റിൽ പരിഗണിക്കുമെന്ന് ദേവസ്വം മന്ത്രി കെ.മുരളീധരൻ ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു. ദേവസ്വം നൽകുന്ന വിശദ റിപ്പോർട്ട് മുഖ്യമന്ത്രിക്ക് സമർപ്പിക്കും. എന്നിട്ടാകും ഈ കാര്യത്തിൽ ഉചിത തീരുമാനം എടുക്കുക -മന്ത്രി അറിയിച്ചു.
ചടങ്ങിൽ ദേവസ്വം ചെയർമാൻ ശ്രീ. എ.വി. ഗോപിനാഥ് അദ്ധ്യക്ഷത വഹിച്ചു. ശ്രീ. മഞ്ഞളാംകുഴി അലി എം.എൽ.എ. മുഖ്യാതിഥിയായി പങ്കെടുത്തു. റവന്യൂ (ദേവസ്വം) സെക്രട്ടറിയും ഗുരുവായൂർ ദേവസ്വം കമ്മീഷണറുമായ എം.ജി.രാജമാണിക്കം വിശിഷ്ടാതിഥിയായിരുന്നു.
വെങ്ങാട് ഡി ആർ കെ എ യു പി സ്കൂളിലെ വിദ്യാർത്ഥികളുടെ
പ്രാർത്ഥനയോടെയായിരുന്നു ചടങ്ങിന് തുടക്കം. ദേവസ്വം ഭരണസമിതി അംഗം ശ്രീമതി എം.യു ഷിനിജ സ്വാഗതം ആശംസിച്ചു. ദേവസ്വം അഡ്മിനിസ്ട്രേറ്റർ ശ്രീ എസ്.ഹരി ഗോപാൽ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. ഡോ. ആർ. രാജീവ് MD, KLDB, ഹംസ കെ.പി. (പ്രസിഡന്റ്, മൂർക്കനാട് ഗ്രാമപഞ്ചായത്ത്). അബ്ബാസ് വാതുക്കാട്ടിൽ (വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ, മൂർക്കനാട് ഗ്രാമപഞ്ചായത്ത്), സരോജ ദേവി ടീച്ചർ (ക്ഷേമകാര്യ സ്‌റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ, മൂർക്കനാട് ഗ്രാമപഞ്ചായത്ത്), എം.ടി. ഹംസ മാസ്റ്റർ (ആരോഗ്യ സ്‌റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ, മൂർക്കനാട് ഗ്രാമപഞ്ചായത്ത്) ഫൗസിയ പെരുമ്പിള്ളി (ജില്ലാ പഞ്ചായത്ത് അംഗം), സത്യഭാമ കെ. (വാർഡ് മെമ്പർ, മൂർക്കനാട് ഗ്രാമപഞ്ചായത്ത് ), വിവിധ രാഷ്ട്രീയ, സാമുദായിക,സാമൂഹിക നേതാക്കൾ, നാട്ടുക്കാർ ,ദേവസ്വം മരാമത്ത്, ഇലക്ട്രിക്കൽ, ജീവധനം ജീവനക്കാർ എന്നിവർ സന്നിഹിതരായി. ദേവസ്വം ഭരണസമിതി അംഗം ബ്രഹ്മശ്രീ മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരിപ്പാട് ചടങ്ങിന് നന്ദി രേഖപ്പെടുത്തി




