സൂറത്ത്: മഹാത്മാഗാന്ധിയുടെ ചിത്രം ഉൾപ്പെട്ട 500 രൂപ നോട്ടിന്റെ ചിത്രം ഉപയോഗിച്ച് അപകീർത്തികരമായ റീൽ പോസ്റ്റ് ചെയ്തെന്നാരോപിച്ച് ഗുജറാത്തിലെ സൂറത്ത് സൈബർ ക്രൈം ബ്രാഞ്ച് 47കാരിയെ അറസ്റ്റ് ചെയ്തു. ഇൻസ്റ്റഗ്രാമിൽ ഏകദേശം ഒരു ദശലക്ഷം ഫോളോവേഴ്സുള്ള സിമ്രാൻ പട്ടേലാണ് അറസ്റ്റിലായത്.
അഡാജൻ സ്വദേശിയും വീട്ടമ്മയുമായ സിമ്രാൻ പട്ടേലിനെ ഇൻഫർമേഷൻ ടെക്നോളജി നിയമത്തിലെ 67-ാം വകുപ്പ് പ്രകാരമാണ് അറസ്റ്റ് ചെയ്തതെന്ന് സൈബർ ക്രൈം ബ്രാഞ്ച് അറിയിച്ചു.
ഒക്ടോബർ ഒന്നിന് ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത റീലിൽ 500 രൂപ നോട്ടിലെ ഗാന്ധിജിയുടെ ചിത്രം അശ്ലീലമായ രീതിയിൽ അവതരിപ്പിക്കുകയും അപകീർത്തികരമായ പരാമർശങ്ങളും ലൈംഗിക സൂചനകളുള്ള ആംഗ്യങ്ങളും ഉൾപ്പെടുത്തുകയും ചെയ്തെന്നാണ് പൊലീസ് പറയുന്നത്. റീൽ പിന്നീട് ഇൻസ്റ്റഗ്രാമിൽ പ്രചരിച്ചതിനെ തുടർന്ന് പൊലീസിൽ പരാതി ലഭിച്ചു. ഇതിൻ്റെ അടിസ്ഥാനത്തിലാണ് യുവതിയെ അറസ്റ്റ് ചെയ്തത്.





