India News Sports

‘ഇന്ത്യയോട് കളിക്കില്ല’; നിലപാട് കടുപ്പിച്ച് പാകിസ്ഥാൻ, ടി20 ലോകകപ്പിലെ ഇന്ത്യ–പാക് പോരാട്ടം അനിശ്ചിതത്വത്തിൽ

ഐസിസി ടി20 ലോകകപ്പിൽ ഇന്ത്യയ്ക്കെതിരായ ഗ്രൂപ്പ് ഘട്ട മത്സരം പാകിസ്ഥാൻ കളിക്കില്ല എന്ന നിലപാട് പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് വീണ്ടും ആവർത്തിച്ചു. ഇസ്ലാമാബാദിൽ ഫെഡറൽ കാബിനറ്റിനെ അഭിസംബോധന ചെയ്ത് സംസാരിക്കവെയാണ് അദ്ദേഹം സർക്കാരിന്റെ വ്യക്തമായ നിലപാട് വ്യക്തമാക്കിയത്. ഫെബ്രുവരി 15-ന് കൊളംബോ പ്രേമദാസ സ്റ്റേഡിയത്തിൽ നിശ്ചയിച്ചിരുന്ന ഇന്ത്യ–പാകിസ്ഥാൻ മത്സരം പാകിസ്ഥാൻ ബഹിഷ്‌കരിച്ചാൽ, ഇന്ത്യക്ക് വാക്ക്‌ഓവർ വഴി രണ്ട് പോയിന്റ് ലഭിക്കും.

“ടി20 ലോകകപ്പിൽ ഇന്ത്യയ്ക്കെതിരായ മത്സരം കളിക്കില്ലെന്ന കാര്യത്തിൽ ഞങ്ങൾ ഉറച്ച തീരുമാനത്തിലാണ്. കായികരംഗത്ത് രാഷ്ട്രീയം കലർത്തരുതെന്നതാണ് ഞങ്ങളുടെ നിലപാട്. വളരെ ആലോചിച്ചെടുത്ത തീരുമാനമാണിത്,” എന്നാണ് പ്രധാനമന്ത്രി വ്യക്തമാക്കിയത്. ബംഗ്ലാദേശിനെ ലോകകപ്പിൽ നിന്ന് ഒഴിവാക്കി പകരം സ്‌കോട്ട്ലൻഡിനെ ഉൾപ്പെടുത്തിയ ഐസിസി തീരുമാനം പാകിസ്ഥാനെ ശക്തമായി ചൊടിപ്പിച്ചതാണ് ഈ നീക്കത്തിന് പിന്നിലെന്നാണ് സൂചന.

സുരക്ഷാ കാരണങ്ങൾ ചൂണ്ടിക്കാട്ടി ഇന്ത്യയിൽ നിന്ന് മത്സരങ്ങൾ ശ്രീലങ്കയിലേക്ക് മാറ്റണമെന്ന് ബംഗ്ലാദേശ് ആവശ്യപ്പെട്ടിരുന്നു. ഐപിഎല്ലിൽ നിന്ന് മുസ്തഫിസുർ റഹ്മാനെ വിട്ടയക്കാൻ ബിസിസിഐ നിർദ്ദേശിച്ചതും ബംഗ്ലാദേശിന്റെ പിന്മാറ്റത്തിന് കാരണമായി. ഐസിസിയുടെ ഈ സമീപനം നീതിയുക്തമല്ലെന്ന് പിസിബി ചെയർമാൻ മൊഹ്‌സിൻ നഖ്വി നേരത്തെ വിമർശിച്ചിരുന്നു. ഇതിന് പിന്നാലെ ബംഗ്ലാദേശിനോട് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഇന്ത്യയ്‌ക്കെതിരായ മത്സരം ബഹിഷ്‌കരിക്കാനാണ് പാകിസ്ഥാൻ തീരുമാനിച്ചത്.

അതേസമയം, പാകിസ്ഥാന്റെ തീരുമാനത്തോട് ഐസിസി കടുത്ത വിയോജിപ്പ് രേഖപ്പെടുത്തി. ഒരു ആഗോള ടൂർണമെന്റിൽ ചില ടീമുകൾക്കെതിരെ മാത്രം കളിക്കില്ലെന്ന നിലപാട് കായികമൂല്യങ്ങൾക്കും മത്സരതുല്യതയ്ക്കും വിരുദ്ധമാണെന്ന് ഐസിസി വ്യക്തമാക്കി. ഇന്ത്യ–പാക് മത്സരം ഒഴിവാക്കിയാൽ പാകിസ്ഥാൻ ഗുരുതര പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരുമെന്നാണ് വിലയിരുത്തൽ. ഐസിസിയിൽ നിന്നുള്ള റവന്യൂ വിഹിതത്തിൽ വലിയ കുറവ്, വിദേശ ലീഗുകളിൽ കളിക്കാൻ പാക് താരങ്ങൾക്ക് നൽകുന്ന എൻഒസി നിയന്ത്രണം, സംപ്രേക്ഷണാവകാശമുള്ള കമ്പനികളിൽ നിന്ന് നിയമനടപടികൾ, ഭാവിയിലെ വലിയ ടൂർണമെന്റുകളുടെ ആതിഥേയത്വം നഷ്ടമാകൽ എന്നിവയെല്ലാം പാകിസ്ഥാനെ കാത്തിരിക്കാമെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *