Kerala News

ശബരിമല സ്വർണക്കൊള്ള കേസ്: ഉണ്ണിക്കൃഷ്ണൻ പോറ്റിക്ക് ജാമ്യം

ശബരിമല സ്വർണക്കൊള്ള കേസിലെ മുഖ്യപ്രതി ഉണ്ണിക്കൃഷ്ണൻ പോറ്റിക്ക് ജാമ്യം അനുവദിച്ചു. കട്ടിളപ്പാളി കേസിൽ കൊല്ലം വിജിലൻസ് കോടതിയാണ് സ്വാഭാവിക ജാമ്യം അനുവദിച്ചത്. അറസ്റ്റ് ചെയ്തതിന് ശേഷം 90 ദിവസം പിന്നിട്ടിട്ടും കുറ്റപത്രം സമർപ്പിക്കാത്ത സാഹചര്യത്തിലാണ് കോടതി ജാമ്യം അനുവദിച്ചത്. നേരത്തെ ദ്വാരപാലക കേസിലും ഉണ്ണിക്കൃഷ്ണൻ പോറ്റിക്ക് സ്വാഭാവിക ജാമ്യം ലഭിച്ചിരുന്നു. ഇതോടെ ഇരുകേസുകളിലും ജാമ്യം ലഭിച്ചതിനാൽ അദ്ദേഹം ഉടൻ ജയിലിൽ നിന്ന് പുറത്തിറങ്ങും.

കട്ടിളപ്പാളി കേസിൽ റിമാൻഡ് കാലാവധി പൂർത്തിയായതായി ചൂണ്ടിക്കാട്ടിയാണ് ഉണ്ണിക്കൃഷ്ണൻ പോറ്റി ജാമ്യം തേടിയത്. കേസുകൾ അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) ഇതുവരെ കുറ്റപത്രം സമർപ്പിച്ചിരുന്നില്ല. ഇതേ കേസുകളുമായി ബന്ധപ്പെട്ട് മുൻ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ മുരാരി ബാബുവിനും മുൻ എക്സിക്യൂട്ടീവ് ഓഫീസർ സുധീഷ് കുമാറിനും നേരത്തെ ജാമ്യം അനുവദിച്ചിരുന്നു.

ശബരിമലയിലെ ശ്രീകോവിലിന്റെ കട്ടിളപ്പാളിയിലും ദ്വാരപാലക ശില്പങ്ങളിലുമുള്ള സ്വർണം അപഹരിച്ചെന്ന കേസിലാണ് ഉണ്ണിക്കൃഷ്ണൻ പോറ്റിയെ അറസ്റ്റ് ചെയ്തത്. എസ്ഐടി അന്വേഷണം ആരംഭിച്ച ആറാം ദിവസമായിരുന്നു നിർണായക അറസ്റ്റ്. ചോദ്യം ചെയ്യലിന്റെ ഭാഗമായി, പ്രത്യേക അന്വേഷണ സംഘം മേധാവി എസ്.പി ശശിധരന്റെ നേതൃത്വത്തിലുള്ള സംഘം പത്ത് മണിക്കൂറിലേറെ സമയം ഉണ്ണിക്കൃഷ്ണൻ പോറ്റിയെ ചോദ്യം ചെയ്തിരുന്നു. ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട രണ്ട് കേസുകളിലെയും ഒന്നാം പ്രതിയാണ് അദ്ദേഹം.

ദ്വാരപാലക ശില്പങ്ങളിലും കട്ടിളപ്പാളിയിലുമുൾപ്പടെ ഏകദേശം രണ്ട് കിലോഗ്രാം സ്വർണം അപഹരിച്ചെന്നാണ് എസ്ഐടി കോടതിയിൽ സമർപ്പിച്ച അറസ്റ്റ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്. നേരത്തെ ദേവസ്വം വിജിലൻസ് ഹൈക്കോടതിയിൽ സമർപ്പിച്ച അന്വേഷണ റിപ്പോർട്ടിലും ഇതേ കണ്ടെത്തലുകളാണ് ചൂണ്ടിക്കാട്ടിയിരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *