പശ്ചിമേഷ്യന്‍ സംഘര്‍ഷങ്ങള്‍ക്കിടയില്‍ കാര്‍ഷിക മേഖലയിലെ തയ്യാറാടെുപ്പുകള്‍ അവലോകനം ചെയ്യുന്നതിന് വേണ്ടി കേന്ദ്ര കൃഷി വകുപ്പ് മന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍ ഇന്ന് ഉന്നതതല യോഗം ചേര്‍ന്നു. രാസവളങ്ങളുടെ വിതരണം തടസമില്ലാതെ ഉറപ്പാക്കാനും വിതരണത്തില്‍ സുതാര്യത മെച്ചപ്പെടുത്താനുമാണ് യോഗം ചേര്‍ന്നത്. യോഗത്തില്‍ ഫാര്‍മര്‍ ഐഡി വേഗത്തില്‍ നടപ്പിലാക്കാനും ഉദ്യോഗസ്ഥര്‍ക്ക് അദ്ദേഹം നിര്‍ദേശം നല്‍കി.
രാസവളങ്ങളും വിത്തുകളും പൂഴ്ത്തിവെക്കുതിനെതിരേയും കരിഞ്ചന്തക്കെതിരെയും കര്‍ശന നടപടി സ്വീകരിക്കാന്‍ മന്ത്രി ഉത്തരവിട്ടിട്ടുണ്ട്. സംസ്ഥാനങ്ങള്‍ ശക്തമായ നടപടികള്‍ ഇതിനായി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
വിത്ത് സംസ്‌കരണത്തിനും പാക്കേജിംഗിനും ആവശ്യമായ കാര്‍ഷിക രാസവസ്തുക്കളുടെയും വസ്തുക്കളുടെയും ലഭ്യത ഉദ്യോഗസ്ഥര്‍ പരിശോധിക്കണമെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു. കര്‍ഷകര്‍ക്ക് ആവശ്യസാധനങ്ങള്‍ ലഭ്യമാക്കണമെന്നും ഒരു തരത്തിലുള്ള ക്ഷാമവും നേരിടാന്‍ പാടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
വളം, വിത്തുകള്‍, കീടനാശിനികള്‍ എന്നിവയുടെ ലഭ്യത നിരീക്ഷിക്കാനായി ഒരു പ്രത്യേക മോണിറ്ററിംഗ് സെല്‍ രൂപീകരിച്ചിട്ടുണ്ട്. ഈ സെല്‍ പതിവായി റിപ്പോര്‍ട്ടുകളും നല്‍കണം. ഖാരിഫ് സീസണിന് മുമ്പായി തന്നെ കര്‍ഷകര്‍ക്ക് ആവശ്യമായ എല്ലാ പിന്തുണകള്‍ നല്‍കാനും സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം അറിയിച്ചു.





