India News Politics

രാമക്ഷേത്ര വഴിപാട് തട്ടിപ്പ്: കുറ്റക്കാർ രക്ഷപ്പെടില്ലെന്ന് ബിജെപി

ന്യൂഡൽഹി: അയോധ്യയിലെ രാമക്ഷേത്രത്തിലെ വഴിപാടായി ലഭിച്ച പണവും വിലപിടിപ്പുള്ള വസ്തുക്കളും തട്ടിയെടുത്തെന്ന കേസിലെ പ്രതികൾക്കെതിരെ കർശന നിയമനടപടി സ്വീകരിക്കുമെന്ന് ബിജെപി. കുറ്റക്കാർക്ക് മാതൃകാപരമായ ശിക്ഷ ഉറപ്പാക്കുമെന്നും വേഗത്തിൽ നീതി നടപ്പിലാക്കുമെന്നും ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് വ്യക്തമാക്കി.

കേസിൽ അറസ്റ്റിലായ എട്ട് പ്രതികൾക്കുവേണ്ടി അഭിഭാഷകർ ഹാജരാകില്ലെന്ന് ഫൈസാബാദ് ബാർ അസോസിയേഷൻ പൊതുയോഗത്തിൽ പ്രമേയം പാസാക്കി. ബാർ അസോസിയേഷൻ്റെ തീരുമാനത്തെ ബിജെപി സ്വാഗതം ചെയ്തു. ഈ തീരുമാനത്തിന് വിരുദ്ധമായി ആരെങ്കിലും പ്രതികൾക്കുവേണ്ടി ഹാജരായാൽ അഞ്ച് ലക്ഷം രൂപ പിഴ ചുമത്തുമെന്നും ബാർ അസോസിയേഷൻ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

ബിജെപി ദേശീയ വക്താവ് പ്രദീപ് ഭണ്ഡാരി, പ്രതികൾ നിയമനടപടിക്കൊപ്പം സാമൂഹിക ബഹിഷ്‌കരണവും നേരിടുകയാണെന്ന് പറഞ്ഞു. ക്ഷേത്രവിശ്വാസത്തെ വഞ്ചിച്ചവർക്കോ അത്തരക്കാരെ പിന്തുണയ്ക്കുന്നവർക്കോ ഹിന്ദുസമൂഹത്തിൻ്റെ പിന്തുണ ലഭിക്കില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. വോട്ടുബാങ്ക് രാഷ്ട്രീയത്തിൻ്റെ പേരിൽ പ്രതികളെ പ്രതിപക്ഷ പാർട്ടികൾ പലപ്പോഴും പിന്തുണച്ചിട്ടുണ്ടെന്നും അദ്ദേഹം ആരോപിച്ചു.

രാമക്ഷേത്രത്തിലെ വഴിപാടായി ലഭിച്ച പണവും വിലപിടിപ്പുള്ള വസ്തുക്കളും എണ്ണുന്നതിൻ്റെയും ക്രമീകരിക്കുന്നതിൻ്റെയും ചുമതലയിലുണ്ടായിരുന്ന എട്ട് പേരെയാണ് തട്ടിപ്പ് കേസിൽ അറസ്റ്റ് ചെയ്തത്. ഇവരെ ജൂൺ 29 വരെ ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തിരിക്കുകയാണ്.

എഫ്ഐആറിൽ പ്രതികളായി ഉൾപ്പെടുത്തിയിട്ടില്ലെങ്കിലും ക്ഷേത്രഭരണവുമായി ബന്ധപ്പെട്ടിരിക്കുന്ന ചംപത് റായ്, അനിൽ മിശ്ര, ഗോപാൽ റാവു എന്നിവർ അയോധ്യ വിടണമെന്ന് ഫൈസാബാദ് ബാർ അസോസിയേഷൻ യോഗത്തിൽ, അഭിഭാഷകർ ആവശ്യപ്പെട്ടു. മൂന്ന് ദിവസത്തിനകം ഇവർ നഗരമൊഴിയാത്ത പക്ഷം അയോധ്യ ഉപരോധം ഉൾപ്പെടെയുള്ള സമരപരിപാടികളിലേക്ക് നീങ്ങുമെന്നും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *