തൃശൂർ കോർപ്പറേഷൻ ഭരണം തകർച്ചയിലായിരിക്കുന്നതായി ബിജെപി സംസ്ഥാന ഉപാധ്യക്ഷൻ അഡ്വ. ബി. ഗോപാലകൃഷ്ണൻ ആരോപിച്ചു. ജൂലൈ 21ന് തിങ്കളാഴ്ച കോർപ്പറേഷൻ ഭരണത്തെതിരെ നൂറോളം കേന്ദ്രങ്ങളിൽ വ്യാപക പ്രതിഷേധം സംഘടിപ്പിക്കുമെന്ന് അദ്ദേഹം അറിയിച്ചു.
അടുത്തിടെ കോർപ്പറേഷൻ പരിധിയിൽ 100ഓളം അപകടങ്ങൾ റിപ്പോർട്ട് ചെയ്തതിൽ പ്രതിഷേധിച്ച്, നൂറു കുഴികളിൽ പ്രതിഷേധ ജ്വാലകൾ ഉയരും. കുഴികൾ അടയ്ക്കാൻ അധികൃതർ തയ്യാറാകാതിരുന്നാൽ മേയറിനെ തെരുവിൽ തടയും, അതോടൊപ്പം മേയറുടെ വീട്ടുപടിയിലും സമരം നടത്താൻ ബിജെപി തയ്യാറാണെന്ന് അദ്ദേഹം വ്യക്തമാക്കി.
“കേരളത്തിൽ ഇടതുപക്ഷം ഇപ്പോൾ മൂന്നാംപക്ഷമായി മാറിയിരിക്കുകയാണ്. കോഴിക്കോട് മുതൽ തൃശൂർ വരെയുള്ള സർക്കാർ സംവിധാനങ്ങൾ തകരാറിലായിരിക്കുന്നു.
മുഹമ്മദ് റിയാസ് പിണറായിയെക്കാൾ വലിയ ദുരന്തമാണ്. പിണറായിയും ദുരന്തം തന്നെ. ഈ സർക്കാരിന്റെ സകല സംവിധാനങ്ങളും തകർച്ചയിലാണ്. ഇടതുപക്ഷ സർക്കാർ ഇടതുപക്ഷ ദുരന്ത സർക്കാരായി മാറിയിരിക്കുന്നു. സർക്കാർ ആശുപത്രികളിൽ ചികിത്സയ്ക്ക് പോകുന്നവർ പൾസ് ഇല്ലാതെ തിരിച്ചു വരുന്ന അവസ്ഥയാണ് കേരളത്തിൽ. വികസിത കേരളത്തിന് പരിഹാരം എന്ന മുദ്രാവാക്യവുമായിട്ടാണ് ബിജെപി മുന്നോട്ടുപോകുന്നത്.
ബിജെപി കോർപ്പറേഷനിൽ അധികാരത്തിൽ വന്നാൽ മികച്ച യാത്ര സംവിധാനങ്ങൾ അടക്കം ഒരുക്കും എന്ന് പത്ര സമ്മേളനത്തിൽ ബിജെപി സംസ്ഥാന വൈസ് പ്രസിഡണ്ട് അഡ്വ ബി ഗോപാലകൃഷ്ണൻ പറഞ്ഞു. ബിജെപി ജില്ലാ പ്രസിഡന്റ് ജസ്റ്റിൻ ജേക്കബ്, ജില്ലാ ജനറൽ സെക്രട്ടറി പി കെ ബാബു, ജില്ലാ വൈസ് പ്രസിഡണ്ട് ഡോ. വി ആതിര, ബിജോയ് തോമസ് എന്നിവർ പങ്കെടുത്തു.





