കൊച്ചി: വാളയാര്‍ പീഡനക്കേസില്‍ പെണ്‍കുട്ടികളുടെ അമ്മയേയും രണ്ടാനച്ഛനേയും കൂടുതല്‍ കേസുകളില്‍ പ്രതികളാക്കി സിബിഐ. അന്വേഷണം തുടരുന്ന മൂന്നു കേസുകളിലൂടെയാണ് ഇരുവരെയും പ്രതികളാക്കിയത്. നേരത്തെ, സിബിഐ ആറു കുറ്റപത്രങ്ങള്‍ സമര്‍പ്പിച്ചിരുന്നതിനൊപ്പം, ഇരുവരെയും പ്രതിചേര്‍ത്ത പുതിയ കുറ്റപത്രവും കോടതി അംഗീകരിച്ചു.
കുട്ടിമധു, പ്രദീപ് എന്നിവരെയും പ്രതികളാക്കിയ ഒരു കേസിലാണ് അമ്മയെയും രണ്ടാനച്ഛനെയും പ്രതിചേര്‍ത്തത്. ഈ കേസില്‍ തുടരന്വേഷണത്തിന് കോടതി അനുമതി നല്‍കി. പാലക്കാട് ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിന്റെ പരിഗണനയിലുള്ള മറ്റൊരു കേസിലും ഇരുവരേയും പ്രതിയാക്കാനുള്ള റിപ്പോര്‍ട്ടും സിബിഐ ഫയല്‍ ചെയ്തു.
സാക്ഷിമൊഴികളും രേഖകളും ശാസ്ത്രീയ തെളിവുകളും അമ്മയ്ക്കും രണ്ടാനച്ഛനുമെതിരെ ലഭിച്ചതായി സിബിഐ അഭിഭാഷകന്‍ പിയേഴ്സ് മാത്യു വ്യക്തമാക്കി. പ്രതികള്‍ക്കെതിരെ സമന്‍സ് അയക്കുന്നതിനെ കുറിച്ചുള്ള തീരുമാനം മാര്‍ച്ച് 25-ന് കോടതി പരിഗണിക്കും.
2017 ജനുവരി ഏഴിന് 13 വയസ്സുകാരിയെയും മാര്‍ച്ചില്‍ ഒന്‍പതുവയസ്സുള്ള അനുജത്തിയെയും വീട്ടില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു. അന്വേഷണം ഏറ്റെടുത്ത സിബിഐ. 2021 ഡിസംബറിലാണ് ആദ്യ കുറ്റപത്രം നല്‍കിയത്. മൂത്ത കുട്ടിയുടെ മരണത്തില്‍ അട്ടപ്പള്ളം സ്വദേശി വി മധു, ഇടുക്കി രാജാക്കാട് സ്വദേശി ഷിബു, പാമ്പാമ്പള്ളം സ്വദേശി എം മധു (കുട്ടിമധു), 16 വയസ്സുകാരന്‍ എന്നിവരാണ് പ്രതികള്‍. അനുജത്തിയുടെ മരണത്തില്‍ വലിയ മധുവും ആദ്യകേസിലുള്‍പ്പെട്ട 16 വയസ്സുകാരനും പ്രതികളാണ്.





