സംസ്ഥാനത്ത് ഇന്നും ഉയർന്ന താപനിലയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി. സാധാരണയേക്കാള്‍ 2 മുതല്‍ 3 ഡിഗ്രി സെല്‍ഷ്യസ് വരെ താപനില വര്‍ധിക്കാനാണ് പ്രവചനം. മലയോര മേഖലകളിലൊഴികെ നാളെ വരെ ചൂടും ഈര്‍പ്പവുമുള്ള കാലാവസ്ഥയുണ്ടായേക്കും.
ഉയർന്ന താപനില മുന്നറിയിപ്പിന്റെ ഭാഗമായി 11 ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തൃശൂര്‍, പാലക്കാട് ജില്ലകളില്‍ 38 ഡിഗ്രി സെല്‍ഷ്യസ് വരെ ചൂട് രേഖപ്പെടുത്താം. കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ 37 ഡിഗ്രി വരെ ഉയരാനും ആലപ്പുഴ, മലപ്പുറം ജില്ലകളില്‍ 36 ഡിഗ്രി സെല്‍ഷ്യസ് വരെ എത്താനുമാണ് സാധ്യത.
ഇന്നലെ സംസ്ഥാനത്ത് ഏറ്റവും ഉയർന്ന താപനില രേഖപ്പെടുത്തിയതും പാലക്കാട്ടാണ് – 38.3 ഡിഗ്രി സെല്‍ഷ്യസ്. ഒറ്റപ്പെട്ടയിടങ്ങളില്‍ വേനല്‍മഴയ്ക്കും സാധ്യതയുണ്ടെങ്കിലും അള്‍ട്രാവയലറ്റ് രശ്മികളെ ശ്രദ്ധിക്കണമെന്നാണ് മുന്നറിയിപ്പ്.





