ന്യൂഡൽഹി: ധൻതേരസ് ദിനത്തിൽ ആരോഗ്യസംരക്ഷണത്തിന്റെയും രോഗപ്രതിരോധ ചികിത്സയുടെയും പ്രാധാന്യം ഉയർത്തിക്കാട്ടി കേന്ദ്രമന്ത്രി പ്രതാപ്‌റാവു ജാദവ് എഴുതിയ ലേഖനം പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കുവെച്ചു.
ആയുർവേദം ആരോഗ്യസംരക്ഷണത്തിനും രോഗങ്ങൾ തടയുന്നതിനും നൽകുന്ന പ്രാധാന്യമാണ് ലേഖനം പ്രധാനമായും ചൂണ്ടിക്കാട്ടുന്നത്. ആരോഗ്യകരമായ ജീവിതശൈലി പിന്തുടരാൻ കുടുംബാംഗങ്ങളെ പ്രോത്സാഹിപ്പിക്കുന്ന ലേഖനത്തിൽ ശ്രദ്ധയോടെയുള്ള ഭക്ഷണരീതി, പതിവായ യോഗാഭ്യാസം, മതിയായ ഉറക്കം, കൃത്യമായ ആരോഗ്യപരിശോധനകൾ എന്നിവയുടെ ആവശ്യകതയും വ്യക്തമാക്കുന്നു.
പ്രധാനമന്ത്രിയുടെ ഓഫീസ് എക്സിലൂടെയാണ് ലേഖനം പങ്കുവെച്ചത്. പ്രിയപ്പെട്ടവരുടെ ആരോഗ്യത്തിനായി നിക്ഷേപിക്കുന്നതാണ് ഏറ്റവും പ്രധാനമെന്നും ആരോഗ്യകരമായ ശീലങ്ങൾ പിന്തുടർന്ന് കുടുംബങ്ങൾക്ക് മികച്ച ഭാവി കെട്ടിപ്പടുക്കണമെന്നും പോസ്റ്റിൽ ആഹ്വാനം ചെയ്തു.





