Kerala News Politics

പി.കെ. ചാത്തൻ മാസ്റ്ററെ ഇടതുപക്ഷം മറന്നുപോയി: കെ. അജിത്ത്

ചാത്തൻ മാസ്റ്ററുടെ പേരിൽ തൃശ്ശൂരിൽ ലോ കോളേജ് സ്ഥാപിക്കണം

ദളിത് നവോത്ഥാന നായകരെ ഇടതുപക്ഷം എന്നും അവഗണിച്ചു

തൃശ്ശൂർ: കേരളത്തിൻ്റെ സാമൂഹിക നവോത്ഥാന രംഗത്ത് നിർണായക പങ്കുവഹിച്ച പി.കെ. ചാത്തൻ മാസ്റ്ററെ ഇടതുപക്ഷം വിസ്മരിച്ചുവെന്ന് ബിജെപി പട്ടികജാതി മോർച്ച സംസ്ഥാന സഹപ്രഭാരി കെ. അജിത്ത് മുൻ എംഎൽഎ പറഞ്ഞു. ബിജെപി പട്ടികജാതി മോർച്ച തൃശ്ശൂർ സിറ്റി ജില്ലാ നേതൃയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇ.എം.എസ് മന്ത്രിസഭയിൽ പട്ടികജാതി വകുപ്പ് മന്ത്രിയായിരുന്ന പി.കെ. ചാത്തൻ മാസ്റ്റർക്ക് അർഹമായ സ്മാരകം നിർമിക്കാൻ പോലും കേരളം മാറിമാറി ഭരിച്ച ഇടതുപക്ഷ സർക്കാരുകൾ തയ്യാറായിട്ടില്ല. ചാത്തൻ മാസ്റ്ററുടെ പേരിൽ തൃശ്ശൂരിൽ ലോ കോളേജ് സ്ഥാപിക്കണമെന്ന ആവശ്യം പരിഗണിക്കാനും ഇടതുപക്ഷ സർക്കാർ തയ്യാറായില്ല. കേരളത്തിലെ പട്ടികജാതി വിഭാഗങ്ങളുടെ സാമൂഹിക നവോത്ഥാനത്തിന് നേതൃത്വം നൽകിയ മഹത് വ്യക്തിത്വങ്ങളെ ഇടതുപക്ഷം എല്ലാ കാലത്തും അവഗണിക്കുകയാണ് ചെയ്തിട്ടുള്ളത്. ദളിത് വിരുദ്ധ നിലപാടാണ് ഇടതുപക്ഷം എക്കാലവും സ്വീകരിച്ചിട്ടുള്ളതെന്നും അദ്ദേഹം ആരോപിച്ചു.

പി.കെ. ചാത്തൻ മാസ്റ്റർക്ക് അർഹമായ പരിഗണനയും അംഗീകാരവും ഉറപ്പാക്കാൻ ബിജെപി തയ്യാറാകുമെന്നും അദ്ദേഹത്തിന്റെ സ്മരണ നിലനിർത്തുന്നതിനാവശ്യമായ ഇടപെടലുകൾ നടത്തുമെന്നും കെ. അജിത്ത് പറഞ്ഞു.

പട്ടികജാതി മോർച്ച തൃശ്ശൂർ സിറ്റി ജില്ലാ പ്രസിഡന്റ് മനോജ് നെല്ലിക്കാട് അധ്യക്ഷത വഹിച്ചു. പട്ടികജാതി മോർച്ച സംസ്ഥാന പ്രസിഡന്റ് ഷാജുമോൻ വട്ടേക്കാട്, ബിജെപി തൃശ്ശൂർ സിറ്റി ജില്ലാ പ്രസിഡന്റ് ജസ്റ്റിൻ ജേക്കബ്, ജില്ലാ ജനറൽ സെക്രട്ടറി പി.കെ. ബാബു, പട്ടികജാതി മോർച്ച സംസ്ഥാന സെക്രട്ടറി ശരത് മൂത്തേടൻ, വിജിത്ത് കെ.വി., അമിതാബ് കെ.വി. എന്നിവർ പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *