തിരുവനന്തപുരം: കുംഭമേളയിലെ വൈറൽ താരമായ മൊണാലിസ ഭോസ്ലെയും മുഹമ്മദ് ഫർമാനും വിവാഹിതരായി. ബുധനാഴ്ച വൈകീട്ട് തിരുവനന്തപുരം അരുമാനൂർ നയിനാർ ക്ഷേത്രത്തിൽ നടന്ന ചടങ്ങിലാണ് ഇരുവരും വിവാഹിതരായത്.
നാട്ടുകാരുടെ സാന്നിധ്യത്തിൽ പൂജാരി നൽകിയ താലിയും കുങ്കുമവും ചാർത്തി ഫർമാൻ മൊണാലിസയെ ജീവിതസഖിയാക്കി. വിവാഹത്തിന് വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി, സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ, എംപി എ എ റഹിം എന്നിവർ സാക്ഷികളായി.
മധ്യപ്രദേശിലെ ഇൻഡോർ സ്വദേശിയായ മൊണാലിസയും മഹാരാഷ്ട്ര സ്വദേശിയായ ഫർമാനും അഭിനേതാക്കളാണ്. ഇരുവരും ആറുമാസമായി പ്രണയത്തിലാണെന്ന് ഫർമാൻ പറഞ്ഞു. ഒരു സിനിമാ ചിത്രീകരണത്തിനിടയിലാണ് ഇരുവരും പരിചയപ്പെട്ടതെന്നും പിന്നീട് അത് പ്രണയമായി വളർന്നതാണെന്നും അദ്ദേഹം പറഞ്ഞു.
“ആറുമാസത്തെ പ്രണയം അറുപത് വർഷം പോലെ തോന്നി,” എന്ന് ഫർമാൻ മാധ്യമങ്ങളോട് പ്രതികരിച്ചു. സിനിമാ ചിത്രീകരണത്തിന്റെ ഭാഗമായി കേരളത്തിലെത്തിയ ഇരുവരും വിനോദയാത്രയ്ക്കിടെ ക്ഷേത്രം കണ്ടതിനെ തുടർന്ന് ഇവിടെ വിവാഹം നടത്താൻ തീരുമാനിക്കുകയായിരുന്നു.
“കേരളം വളരെ സുന്ദരവും സുരക്ഷിതവുമാണ്. ഇവിടെ കുറച്ച് നാൾ കഴിയാൻ ആഗ്രഹിക്കുന്നു,” എന്ന് ഇരുവരും പറഞ്ഞു. അതേസമയം, ഈ ബന്ധത്തെ ഫർമാന്റെ കുടുംബം ഇപ്പോഴും എതിർക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
മറ്റ് സംസ്ഥാനങ്ങളിൽ തങ്ങളുടെ ബന്ധത്തിന് ശക്തമായ എതിർപ്പുകൾ നേരിടേണ്ടിവരുമെന്ന ആശങ്കയിലൂടെയാണ് വിവാഹത്തിനായി കേരളം തിരഞ്ഞെടുത്തതെന്നും ഇരുവരും അറിയിച്ചു.





