സാധാരണ ട്രെയിൻ യാത്രക്കാർ ഏറെ ആശ്രയിച്ചിരുന്ന യുടിഎസ് (UTS) മൊബൈൽ ആപ്പ് ഇന്ത്യൻ റെയിൽവേ പൂർണമായും അവസാനിപ്പിക്കുന്നു. 2026 മാർച്ച് 1 മുതൽ യുടിഎസ് ആപ്പ് പ്രവർത്തനരഹിതമാകും. ഇതിന് പകരമായി റെയിൽവേയുടെ പുതിയ ഏകീകൃത മൊബൈൽ പ്ലാറ്റ്‌ഫോമായ ‘റെയിൽ വൺ’ ആപ്പിലേക്ക് യാത്രക്കാർ മാറണമെന്ന് റെയിൽവേ ബോർഡ് അറിയിച്ചു.
റെയിൽവേയുടെ എല്ലാ പ്രധാന ഡിജിറ്റൽ സേവനങ്ങളും ഒരൊറ്റ ആപ്പിൽ ലഭ്യമാക്കുന്നതിനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ഈ മാറ്റം. ഇതിനോടകം തന്നെ യുടിഎസ് ആപ്പിൽ പുതിയ സീസൺ ടിക്കറ്റുകൾ എടുക്കുന്നതും പുതുക്കുന്നതും റെയിൽവേ നിർത്തിയിട്ടുണ്ട്.
ഡിജിറ്റൽ ഇടപാടുകൾ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി, റെയിൽ വൺ ആപ്പ് വഴി അൺറിസർവ്ഡ് ടിക്കറ്റുകൾ ബുക്ക് ചെയ്യുന്നവർക്ക് 3 ശതമാനം ഡിസ്‌കൗണ്ട് ലഭിക്കും. യുപിഐ, ഡെബിറ്റ്/ക്രെഡിറ്റ് കാർഡുകൾ എന്നിവ ഉപയോഗിച്ച് പണമടയ്ക്കുന്നവർക്ക് ഈ ആനുകൂല്യം 2026 ജൂലൈ 14 വരെ ലഭ്യമായിരിക്കും.
യുടിഎസ് ആപ്പിലെ ആർ-വാലറ്റിൽ പണമുള്ളവർ ആശങ്കപ്പെടേണ്ടതില്ല. റെയിൽ വൺ ആപ്പിൽ ലോഗിൻ ചെയ്യുമ്പോൾ ഈ തുക സ്വമേധയാ പുതിയ ആപ്പിലേക്ക് മാറും. നിലവിലുള്ള സീസൺ ടിക്കറ്റുകൾ റെയിൽ വൺ ആപ്പിലെ ‘ട്രാൻസ്ഫർ ടിക്കറ്റ്’ ഓപ്ഷൻ ഉപയോഗിച്ച് മാറ്റാൻ സാധിക്കും. ഐആർസിടിസി, യുടിഎസ് എന്നിവയിൽ ഉപയോഗിച്ചിരുന്ന പഴയ ലോഗിൻ വിവരങ്ങൾ തന്നെ റെയിൽ വണ്ണിലും ഉപയോഗിക്കാം; പുതിയ അക്കൗണ്ട് തുടങ്ങേണ്ടതില്ല.
ടിക്കറ്റ് ബുക്കിംഗിന് പുറമെ ട്രെയിനുകളുടെ തത്സമയ വിവരങ്ങൾ അറിയാനുള്ള എൻടിഇഎസ്, പരാതികൾ നൽകാനുള്ള റെയിൽ മദദ്, ഭക്ഷണം ഓർഡർ ചെയ്യാനുള്ള ഇ-കാറ്ററിംഗ്, പിഎൻആർ സ്റ്റാറ്റസ് പരിശോധിക്കൽ തുടങ്ങിയ എല്ലാ സേവനങ്ങളും ഈ ഒറ്റ ആപ്പിൽ ലഭ്യമാകും. വിരലടയാളം അല്ലെങ്കിൽ എം-പിൻ ഉപയോഗിച്ച് വേഗത്തിൽ ലോഗിൻ ചെയ്യാനുള്ള സൗകര്യവും റെയിൽ വണിലുണ്ട്.
മാർച്ച് 1 മുതൽ യുടിഎസ് ആപ്പ് വഴി ടിക്കറ്റ് ബുക്കിംഗ് സാധ്യമാകില്ലെന്നതിനാൽ, യാത്രക്കാർ എത്രയും വേഗം റെയിൽ വൺ ആപ്പിലേക്ക് മാറണമെന്ന് റെയിൽവേ അധികൃതർ അഭ്യർത്ഥിച്ചു.





