Kerala News Politics

ക്ഷേമപദ്ധതികളിൽ 7.86 കോടിയുടെ തട്ടിപ്പ്; അഞ്ച് ഉദ്യോഗസ്ഥരെ സസ്‌പെൻഡ് ചെയ്ത് മന്ത്രി കെഎ തുളസി

പാലക്കാട്: മണ്ണാർക്കാട്, അട്ടപ്പാടി മേഖലകളിൽ പട്ടികജാതി വിഭാഗങ്ങളുടെ ക്ഷേമപദ്ധതികൾക്കായി അനുവദിച്ച 7.86 കോടി രൂപ ദുരുപയോഗം ചെയ്തതായി കണ്ടെത്തി. സംഭവത്തിൽ അഞ്ച് ഉദ്യോഗസ്ഥരെ സസ്‌പെൻഡ് ചെയ്തു. വകുപ്പ് തല അന്വേഷണത്തിൽ സാമ്പത്തിക ക്രമക്കേട് സ്ഥിരീകരിച്ചതിനെ തുടർന്നാണ് നടപടി. പട്ടികജാതി, പട്ടികവർഗ, പിന്നാക്ക വിഭാഗ ക്ഷേമ വകുപ്പ് മന്ത്രി കെ.എ. തുളസിയാണ് ഇക്കാര്യം അറിയിച്ചത്.

സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്തുന്നതിനായി കേസ് ആഭ്യന്തര വകുപ്പിന് കൈമാറി. വിജിലൻസ് അന്വേഷണത്തിലൂടെ ക്രമക്കേടിൽ ഉൾപ്പെട്ട എല്ലാവരെയും കണ്ടെത്തുമെന്ന് മന്ത്രി വ്യക്തമാക്കി.

കഴിഞ്ഞ പത്തുവർഷത്തോളമായി വിവിധ ക്ഷേമപദ്ധതികളിലൂടെ അർഹരായ ഗുണഭോക്താക്കൾക്ക് ലഭിക്കേണ്ടിയിരുന്ന 7,86,05,000 രൂപ തട്ടിയെടുത്തതായാണ് വകുപ്പ് തല അന്വേഷണത്തിലെ കണ്ടെത്തൽ.

പട്ടികജാതി വികസന ഓഫീസർമാരായ സജിനി പി.എം., ഗിരിജ കെ., മുനീർ റഹ്മാൻ, നവീൻ ചന്ദ്ര, സീനിയർ ക്ലർക്ക് സ്മിജോ വർഗീസ് എന്നിവരെയാണ് സസ്‌പെൻഡ് ചെയ്തത്.

യഥാർത്ഥ ഗുണഭോക്താക്കളുടെ പേരുകൾ ബാങ്ക് രേഖകളിൽ നിലനിർത്തിയിട്ടുണ്ട്. എന്നാൽ അക്കൗണ്ട് നമ്പറുകളും ക്യുആർ കോഡുകളും തിരുത്തിയാണ് പണം മറ്റ് അക്കൗണ്ടുകളിലേക്ക് മാറ്റിയതെന്നാണ് അന്വേഷണത്തിൽ വ്യക്തമായത്. ഷോളയൂർ ഗ്രാമപഞ്ചായത്തിലെ മുൻ എസ്.സി. പ്രമോട്ടർമാർ ഉൾപ്പെടെയുള്ളവർക്കും ക്രമക്കേടിൽ പങ്കുണ്ടെന്നാണ് കണ്ടെത്തൽ.

തട്ടിപ്പിലൂടെ സാമ്പത്തിക നേട്ടമുണ്ടാക്കിയവരെയും ഇതിന് പിന്നിൽ പ്രവർത്തിച്ച മുഴുവൻ ആളുകളെയും കണ്ടെത്തുകയാണ് വിജിലൻസ് അന്വേഷണത്തിന്റെ ലക്ഷ്യം. ക്രമക്കേട് സംബന്ധിച്ച് നേരത്തെ റിപ്പോർട്ട് ലഭിച്ചിട്ടും നടപടിയെടുക്കാതിരുന്ന മേലുദ്യോഗസ്ഥരുടെ പങ്കും അന്വേഷണപരിധിയിൽ ഉൾപ്പെടുത്തും.

Leave a Reply

Your email address will not be published. Required fields are marked *