Education India News

സിബിഎസ്ഇ പ്ലസ് ടു പരീക്ഷാ മൂല്യനിർണ്ണയം ഡിജിറ്റലിലേക്ക്; 2026 മുതൽ ‘ഓൺ-സ്ക്രീൻ മാർക്കിങ്’

ന്യൂഡൽഹി: സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് ബോർഡ് പരീക്ഷകളുടെ മൂല്യനിർണ്ണയം 2026 മുതൽ പൂർണ്ണമായും ഡിജിറ്റൽ രീതിയിലാക്കാൻ തീരുമാനിച്ചു. ‘ഓൺ-സ്ക്രീൻ മാർക്കിങ്’ (OSM) സംവിധാനം നടപ്പാക്കുന്നതോടെ അധ്യാപകർ ഇനി ഉത്തരക്കടലാസുകൾ നേരിട്ട് പരിശോധിക്കുന്നതിന് പകരം, സ്കാൻ ചെയ്ത പകർപ്പുകൾ കമ്പ്യൂട്ടർ സ്ക്രീനിലൂടെ വിലയിരുത്തി മാർക്ക് നൽകും. പത്താം ക്ലാസ് പരീക്ഷകളുടെ മൂല്യനിർണ്ണയത്തിൽ മാറ്റമുണ്ടാകില്ലെന്നും നിലവിലെ രീതിയിൽ തന്നെ തുടരുമെന്നും സിബിഎസ്ഇ വ്യക്തമാക്കി.

പുതിയ സംവിധാനത്തിലൂടെ മൂല്യനിർണ്ണയത്തിലെ പിഴവുകളും മാർക്ക് കൂട്ടുന്നതിലെ തെറ്റുകളും പൂർണ്ണമായി ഒഴിവാക്കാനാകുമെന്നാണ് വിലയിരുത്തൽ. ഫലപ്രഖ്യാപനത്തിന് ശേഷം മാർക്ക് വെരിഫിക്കേഷൻ നടപടികൾ ആവശ്യമായിവരില്ലെന്നും ബോർഡ് അറിയിച്ചു. സംവിധാനം നടപ്പാക്കുന്നതിനായി സ്കൂളുകൾക്ക് വിശദമായ മാർഗ്ഗനിർദ്ദേശങ്ങൾ നൽകിയിട്ടുണ്ട്. കുറഞ്ഞത് 4 ജിബി റാം ഉള്ള കമ്പ്യൂട്ടറുകൾ, വിൻഡോസ് 8-ന് മുകളിലുള്ള ഓപ്പറേറ്റിംഗ് സിസ്റ്റം, മികച്ച ഇന്റർനെറ്റ് കണക്റ്റിവിറ്റി തുടങ്ങിയ സൗകര്യങ്ങൾ സ്കൂളുകളിൽ ഉറപ്പാക്കണം. അധ്യാപകരെ പുതിയ രീതിയിലേക്ക് പരിചയപ്പെടുത്താൻ സിബിഎസ്ഇ പ്രത്യേക പരിശീലന പരിപാടികളും പരിശീലന വീഡിയോകളും പുറത്തിറക്കും. സാങ്കേതിക പ്രശ്നങ്ങൾ പരിഹരിക്കാൻ പ്രത്യേക കോൾ സെന്ററുകളും ഒരുക്കുമെന്നും ബോർഡ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *