Economy India Kerala News Politics

വികസന പദ്ധതികൾക്ക് തുടക്കമിട്ട് പ്രധാനമന്ത്രി; ചടങ്ങ് ബഹിഷ്‌കരിച്ച് സംസ്ഥാന സർക്കാർ

കൊച്ചി: സംസ്ഥാനത്തെ വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും നിർവഹിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. കലൂർ ജവഹർലാൽ നെഹ്റു ഇൻഡോർ സ്റ്റേഡിയം വളപ്പിൽ നടന്ന ചടങ്ങിൽ ഏകദേശം 10,800 കോടി രൂപ വിലവരുന്ന വികസന പദ്ധതികളാണ് ഉദ്ഘാടനം ചെയ്തത്.

ദേശീയപാത 66ലെ തലപ്പാടി–ചെങ്കള ആറുവരിപ്പാതയും കോഴിക്കോട് ബൈപ്പാസിലെ വെങ്ങളം–രാമനാട്ടുകര ആറുവരിപ്പാതയും ഉൾപ്പെടെയുള്ള പദ്ധതികളുടെ ഉദ്ഘാടനമാണ് പ്രധാനമന്ത്രി നിർവഹിച്ചത്. കൂടാതെ പാലക്കാട്–പൊള്ളാച്ചി മെമു ട്രെയിൻ സർവീസിന്റെ ഫ്ലാഗ് ഓഫ് ചടങ്ങും അദ്ദേഹം നിർവഹിച്ചു.

എന്നാൽ ദേശീയപാത ഉദ്ഘാടന ചടങ്ങിൽ പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസിന് ക്ഷണം നൽകാത്തതിനെ തുടർന്ന് സംസ്ഥാന സർക്കാർ ചടങ്ങ് ബഹിഷ്‌കരിച്ചു.

പ്രധാനമന്ത്രിയുടെ കൊച്ചി സന്ദർശനത്തിന്റെ ഭാഗമായി ആദ്യം കേരള ധീവര സഭയുടെ സുവർണ ജൂബിലി സമ്മേളനത്തിൽ അദ്ദേഹം പങ്കെടുത്തു. തുടർന്ന് മറൈൻ ഡ്രൈവിലെ പണ്ഡിറ്റ് കറുപ്പൻ നഗറിൽ നിന്ന് ജവഹർലാൽ നെഹ്‌റു സ്റ്റേഡിയം വരെ ഏകദേശം ഏഴ് കിലോമീറ്റർ ദൂരത്തിൽ റോഡ്‌ഷോ നടന്നു.

തുടർന്ന് ഭാരത് പെട്രോളിയം കോർപറേഷൻ ലിമിറ്റഡ് കൊച്ചി റിഫൈനറിയിൽ സ്ഥാപിക്കുന്ന പോളിപ്രൊപ്പിലിൻ യൂണിറ്റിന് പ്രധാനമന്ത്രി തറക്കല്ലിട്ടു. ഏകദേശം 5,500 കോടി രൂപ ചെലവിൽ നിർമ്മിക്കുന്ന ഈ പ്ലാന്റിൽ പ്രതിവർഷം നാല് ലക്ഷം ടൺ പോളിപ്രൊപ്പിലിൻ ഉത്പാദിപ്പിക്കാൻ കഴിയുമെന്ന് അദ്ദേഹം പറഞ്ഞു. ചടങ്ങിൽ കേന്ദ്ര പെട്രോളിയം സഹമന്ത്രി സുരേഷ് ഗോപി പ്രധാനമന്ത്രിയെ സ്വാഗതം ചെയ്തു.

കേരളം സൗരോർജ മേഖലയിൽ കൂടുതൽ മുന്നേറ്റം നടത്തേണ്ടതുണ്ടെന്നും കൊല്ലം ജില്ലയിലെ വെസ്റ്റ് കല്ലടയിൽ 50 മെഗാവാട്ട് ശേഷിയുള്ള ഫ്ലോട്ടിങ് സോളാർ പദ്ധതിയ്ക്ക് തറക്കല്ലിട്ടതായും പ്രധാനമന്ത്രി പറഞ്ഞു.

ധീവരസഭയുടെ സുവർണ ജൂബിലി പരിപാടിയിൽ സംസാരിക്കുമ്പോൾ “കടലിന്റെ മക്കൾക്ക് നമസ്‌കാരം” എന്ന അഭിസംബോധനയോടെയാണ് പ്രധാനമന്ത്രി പ്രസംഗം ആരംഭിച്ചത്. രാജ്യത്തിന്റെ സമുദ്രതീര സംരക്ഷണത്തിലും ദുരന്തസമയങ്ങളിലും മത്സ്യത്തൊഴിലാളികൾ വഹിക്കുന്ന പങ്ക് വലിയതാണെന്നും, പ്രളയകാലത്ത് അവർ ജീവൻ പണയപ്പെടുത്തി നിരവധി കുടുംബങ്ങളെ രക്ഷപ്പെടുത്തിയതായും അദ്ദേഹം പറഞ്ഞു. മത്സ്യത്തൊഴിലാളികളുടെ ക്ഷേമത്തിനായി പ്രത്യേക മന്ത്രാലയം രൂപീകരിച്ച് നിരവധി പദ്ധതികൾ കേന്ദ്ര സർക്കാർ നടപ്പാക്കിയിട്ടുണ്ടെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *