തൃശൂർ: കോടികളുടെ നിക്ഷേപത്തട്ടിപ്പ് നടത്തിയ ഡിസിസി സെക്രട്ടറി സി.എസ്.ശ്രീനിവാസനെ കോൺഗ്രസും സിപിഎമ്മും സംരക്ഷിക്കുകയാണെന്ന് ബിജെപി ജില്ലാ പ്രസിഡണ്ട് അഡ്വ.കെ.കെ.അനീഷ് കുമാർ കുറ്റപ്പെടുത്തി. ജില്ലയിലെ നൂറ് കണക്കിന് നിക്ഷേപകരാണ് വഞ്ചനക്കിരയായത്. കോൺഗ്രസ് നേതാവാണെന്ന വിശ്വാസം മുതലെടുത്താണ് ജനങ്ങളെ കബളിപ്പിച്ചത്. കോൺഗ്രസ് നേതാവ് എംഡിയായ ഹീ വാൻസ് കമ്പനിയുടെ തട്ടിപ്പ് പുറത്തുവന്നിട്ട് ഒരു വർഷത്തോളമായി. ഇതു സംബന്ധിച്ച പരാതികളും ലഭിച്ചു.എന്നിട്ടും കോൺഗ്രസ് നേതൃത്വം ഇയാളെ സംരക്ഷിക്കുകയാണ്. പോലീസ് നടപടി വൈകുന്നതിന് പിന്നിൽ സി പി എം നേതാക്കൾക്കും പങ്കുണ്ട്. കൂട്ടുപ്രതികളായ പലരും അറസ്റ്റിലായിട്ടും കോൺഗ്രസ് നേതാവിനെ തൊടാൻ പോലീസ് തയ്യാറാവുന്നില്ല. തട്ടിപ്പുകാരെ മുഴുവൻ നിയമത്തിന് മുന്നിൽ എത്തിക്കാനും നിക്ഷേപകർക്ക് നീതി ഉറപ്പാക്കാനും പോലീസിനും സർക്കാരിനും കഴിയണം . അനീഷ് കുമാർ ആവശ്യപ്പെട്ടു.





