മണലൂർ നിയോജക മണ്ഡലത്തിൽ നിന്നും ബിജെപി സ്ഥാനാർത്ഥിയായി മത്സരത്തിനിറങ്ങി അഡ്വ. കെ കെ അനീഷ് കുമാർ. കൊടവം പറമ്പ് മലപ്പുറത്ത് പരേതനായ കെ.എം കേശവൻ്റയും തങ്കമ്മുവിൻ്റെയും മകനായ അനീഷ് നിലവിൽ ബിജെപി സംസ്ഥാന വൈസ് പ്രസിഡൻ്റും സംസ്ഥാന കോർ കമ്മറ്റിയംഗവുമാണ്.
ഗുരുവായൂർ ശ്രീകൃഷ്ണ കോളേജിൽ പ്രീഡിഗ്രി പഠനകാലത്ത് വിദ്യാർത്ഥി സംഘടനാ പ്രവർത്തനത്തിലൂടെ പൊതുപ്രവർത്തനരംഗത്തെത്തി.
ബികോം, എംകോം വിദ്യാഭ്യാസം കുന്നംകുളം ശ്രീവിവേകാനന്ദ കോളേജിൽ. ഈ കാലഘട്ടത്തിൽ ഏ.ബി.വി.പി ഗുരുവായൂർ താലൂക്ക് സെക്രട്ടറി, സ്റ്റേറ്റ് കമ്മറ്റിയംഗം എന്നീ നിലകളിൽ പ്രവർത്തിച്ചു. കോളേജ് യൂണിയൻ ചെയർമാൻ, സ്റ്റുഡൻ്റ് എഡിറ്റർ പോസ്റ്റുകളിൽ വിജയിച്ച് കൊണ്ട് വിവേകാനന്ദയിലെ ഏ.ബി.വി.പി കാലഘട്ടത്തിന് തുടക്കം കുറിച്ചത് അനീഷ്കുമാറാണ്.
2001-2005 കാലഘട്ടത്തിൽ തൃശ്ശൂർ ലോ കോളേജിൽ നിന്നാണ് എൽഎൽബി ബിരുദം നേടിയത്. ഇക്കാലത്ത് ലോ കോളേജ് ചരിത്രത്തിൽ ആദ്യമായി ഏ.ബി.വി.പി സ്ഥാനാർത്ഥിയായി മത്സരിച്ച് സ്റ്റുഡൻ്റ് എഡിറ്ററായി ചരിത്രം സൃഷ്ടിച്ചു.
1997-2010 കാലഘട്ടത്തിൽ ആർ.എസ്.എസ്സിൻ്റെ വിവിധ ചുമതലകൾ വഹിച്ചു അനീഷ് കുമാർ 2010 മുതൽ 13 വരെ യുവമോർച്ച തൃശ്ശൂർ ജില്ലാ പ്രസിഡൻറായും, 2013 – 16 വരെ യുവമോർച്ച സംസ്ഥാന വൈസ് പ്രസിഡൻ്റായും, 2016-20 വരെ ബിജെപി തൃശ്ശൂർ ജില്ലാ ജനറൽ സെക്രട്ടറിയായും, 2020-25 വരെ തൃശ്ശൂർ ജില്ലാ പ്രസിഡൻ്റായും പ്രവർത്തിച്ചു.
ഈ കാലഘട്ടത്തിലാണ് തൃശ്ശൂർ ലോക്സഭാ വിജയവും, ചേലക്കര ഉപതെരെഞ്ഞെടുപ്പിലെ വൻ വോട്ട് വർദ്ധനയും ഉൾപ്പെടെ ബിജെപിയ്ക്ക് ജില്ലയിൽ വലിയ വളർച്ചയുണ്ടായത്. ജില്ലാ ഓഫീസ് നിർമ്മാണവും, കരുവന്നൂർ, കെ റെയിൽ സമരങ്ങളും, നരേന്ദ്ര മോദിയുടെ വൻ വിജയമായ പരിപാടികളും ഇതേ സമയത്ത് തന്നെയായിരുന്നു.
കുന്നംകുളത്ത് നിന്ന് നിയമസഭയിലേയ്ക്ക് മത്സരിച്ച് 6000 വോട്ട് 12000 വോട്ടായി വർദ്ധിപ്പിച്ചു. പിന്നീടത് 30000 വോട്ടായും വർദ്ധിപ്പിച്ച് ശ്രദ്ധേയമായ പ്രകടനം കാഴ്ചവെച്ച അനീഷ് കുമാർ പാർട്ടിയുടെ മികച്ച പ്രാസംഗികനും യുവനിരയിൽ ശ്രദ്ധേയനായ നേതാവുമാണ്.
2005 കാലഘട്ടം മുതൽ തൃശ്ശൂർ ജില്ലാ കോടതിയിൽ അഭിഭാഷകനായി പ്രാക്ടീസ് ചെയ്യുന്ന അനീഷ് കേന്ദ്ര സർക്കാരിൻ്റെ സ്റ്റാൻ്റിംങ്ങ് കൗൺസിലായും പ്രവർത്തിച്ചിട്ടുണ്ട്.
ഭാര്യ ഡോ അമുദ പാലക്കാട് കോ-ഓപ്പറേറ്റീവ് ഹോസ്പിറ്റലിലെ പീഡിയാട്രീഷ്യനാണ്.
ഏക മകൾ 9 വയസ്സുകാരി നമാമി അനീഷ്കുമാർ.





