ഹോര്‍മുസ് കടലിടുക്ക് വഴി ഇന്ത്യയിലേക്കുള്ള കൂടുതല്‍ എണ്ണ ടാങ്കറുകള്‍ തടഞ്ഞ് ഇറാന്‍. എണ്ണ ടാങ്കറുകള്‍ ഇന്ത്യയിലെത്തിക്കുന്നതിനുള്ള ചര്‍ച്ചകള്‍ തുടര്‍ന്നു കൊണ്ടിരിക്കുകയാണെന്ന് വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ അറിയിച്ചു. ഒരു എല്‍പിജി ടാങ്കറും ഒരു ക്രൂഡ് ഓയില്‍ ടാങ്കറും ഇന്ന് ഗുജറാത്ത് തീരത്തെത്തും. ഇന്ത്യയിലേക്കുള്ള ക്രൂഡ് ഓയില്‍ 93 ശതമാനം വര്‍ധിച്ചിട്ടുണ്ട്. വാണിജ്യ എല്‍പിജി ക്ഷാമവും നേരിട്ടതോടെ ഇന്ത്യയിലെ ഹോട്ടല്‍ മേഖലക്ക് കനത്ത തിരിച്ചടിയായിരിക്കുകയാണ്. ചെറുകിട ഹോട്ടലുകളും അടച്ചുപൂട്ടി.
കഴിഞ്ഞ ദിവസമാണ് മുംബൈയില്‍ രണ്ടാമത്തെ ടാങ്കര്‍ ഹോര്‍മുസ് കടലിടുക്ക് കടന്ന് എത്തിയത്. ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്‍പ്പറേഷന്‍ ലിമിറ്റഡിന്റെ ലൈബീരിയന്‍ പതാകയേന്തിയ സ്മിര്‍ണി കപ്പലാണ് മുംബൈ തീരത്തെത്തിയത്. 1.35 ലക്ഷം മെട്രിക് ടണ്ട ക്രൂഡ് ഓയിലും വഹിച്ചു കൊണ്ടാണ് സൗദി അറേബ്യയിലെ റാസ് തനൂറയില്‍ നിന്ന് കപ്പല്‍ യാത്ര തുടങ്ങിയത്. കപ്പലിലെ എണ്ണ മാഹുലിലെ എച്പിസി എല്‍ റിഫൈനറിയിലേക്കാണ് മാറ്റുക.
അമേരിക്ക-ഇസ്രയേല്‍ സഖ്യം ഇറാനില്‍ ആക്രമണങ്ങള്‍ തുടങ്ങിയതോടെ ഹോര്‍മുസ് കടലിടുക്ക് വഴിയുള്ള കപ്പല്‍ ഗതാഗതം പൂര്‍ണമായും സ്തംഭിച്ചിരുന്നു. ഇതിനുശേഷം ഇന്ത്യയിലേക്ക് ആകെ രണ്ട് കപ്പലുകള്‍ മാത്രമാണ് എത്തിയത്. മാര്‍ച്ച് 11നാണ് ഷെന്‍ലോംഗ് സൂയസ്മാക്‌സ് എന്ന കപ്പല്‍ മുംബൈയിലെ ജവഹര്‍ ദ്വീപിലെത്തിയത്.





