ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനത്ത് തുടരാനുള്ള ധാർമ്മികമായ അവകാശം സംവിധായകൻ രഞ്ജിത്തിനില്ല. അദ്ദേഹം അപമാനിച്ചെന്ന് ഒരു നടി വ്യക്തമാക്കുകയും അതിന് സാക്ഷി പറയാൻ മറ്റൊരു സിനിമാ പ്രവർത്തകൻ തയ്യാറായിരിക്കുകയുമാണ്. രഞ്ജിത്തിനെ പരസ്യമായി ന്യായീകരിക്കുകയാണ് സാംസ്കാരിക മന്ത്രി സജി ചെറിയാൻ ചെയ്യുന്നത്. സജി ചെറിയാനും രാജിവെക്കണം. ജനങ്ങളെ വെല്ലുവിളിക്കുന്ന സമീപനമാണ് മന്ത്രി സ്വീകരിച്ചിരിക്കുന്നത്. ഭരണഘടനാവിരുദ്ധമാണ് മന്ത്രിയുടെ നിലപാട്. തെറ്റു ചെയ്തയാളെ സർക്കാർ തന്നെ ന്യായീകരിക്കുകയാണ്. അടിയന്തരമായി ഈ വിഷയത്തിൽ കേസ് എടുക്കണം. ഇരയ്ക്ക് നീതി ലഭിക്കണം. കേരളത്തിലെ ഇടതുപക്ഷ സർക്കാരിന്റെ സ്ത്രീകളോടുള്ള നിലപാട് ഇതാണോ? പിണറായി സർക്കാർ അധികാരത്തിൽ വന്നതിന് ശേഷം കുറ്റവാളികളെ രക്ഷിക്കാനുള്ള നീക്കമാണ് എല്ലാ സ്ഥലത്തും കാണുന്നത്. ഹേമ കമ്മീഷൻ റിപ്പോർട്ട് സർക്കാർ അട്ടിമറിക്കുകയാണ്. പോക്സോ കേസുകൾ വരെ ഉണ്ടായിട്ടും സർക്കാർ വേട്ടക്കാരെ സംരക്ഷിക്കുകയാണ്. നിയമനടപടി സ്വീകരിച്ചാൽ മന്ത്രിസഭയിലെ ചിലർ കുടുങ്ങുമെന്നതായിരിക്കും മുഖ്യമന്ത്രിയുടെ പേടിയെന്നും കെ.സുരേന്ദ്രൻ പറഞ്ഞു.
