Kerala

പാർശ്വവൽക്കരിക്കപ്പെട്ട ജനതയെ മുന്നോട്ട് കൊണ്ടുവരാനുള്ള ശ്രമങ്ങൾ ഗവൺമെന്റ് നടത്തുന്നു : മന്ത്രി കെ. രാജൻ

  തിരുവനന്തപുരം:  സംസ്ഥാനത്തെ പാർശ്വവൽക്കരിക്കപ്പെട്ട ജനതയെ മുഖ്യധാരയിലേക്കു കൊണ്ടുവരാനുള്ള പ്രയത്‌നങ്ങൾക്കാണ് സംസ്ഥാന ഗവൺമെന്റ് നേതൃത്വം നൽകുന്നതെന്ന് റവന്യു-ഭവന നിർമ്മാണ വകുപ്പ് മന്ത്രി കെ. രാജൻ. തന്റേതല്ലാത്ത കാരണങ്ങളാൽ കുട്ടിക്കാലം നഷ്ടപ്പെട്ടവർക്ക് സുരക്ഷിതമായ താമസം ഒരുക്കുന്നതിന് വനിതാ ശിശു വികസന വകുപ്പുമായി സഹകരിച്ച് കേരള സംസ്ഥാന ഭവന നിർമ്മാണ ബോർഡ് നടപ്പിലാക്കുന്ന ‘തന്റെയിടം’ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം  നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. പദ്ധതിയുടെ ഭാഗമായി  പൂർത്തീകരിച്ച വീടുകളുടെ താക്കോൽ  മന്ത്രി കെ. രാജനിൽ നിന്നും ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് ഏറ്റുവാങ്ങി.

          വനിതാ ശിശുവികസന വകുപ്പിന്റെ  അധീനതയിലുള്ള ക്ഷേമ സ്ഥാപനങ്ങളിൽ താമസിക്കുന്ന 18 വയസ് പൂർത്തിയായവർക്ക് ഈ സ്ഥാപനങ്ങളിൽ നിന്നും പുറത്തുപോകേണ്ടി വരുന്ന സാഹചര്യത്തിൽ  പദ്ധതിയൂടെ സുരക്ഷിത പാർപ്പിടം ഒരുക്കുന്നു. ഭവനനിർമാണ ബോർഡ് നിർമിക്കുന്ന ഫ്‌ലാറ്റുകൾ/വീടുകളാണ് താമസത്തിനായി ലഭിക്കുക. വനിതാ ശിശുവികസന വകുപ്പാണ് പദ്ധതിയുടെ ഗുണഭാക്താക്കളെ കണ്ടെത്തുന്നത്. കോഴിക്കോട്, കണ്ണൂർ,വയനാട് ജില്ലകളിലാണ് ആദ്യഘട്ടത്തിൽ ഭവനങ്ങളുടെ നിർമ്മാണം പൂർത്തീകരിച്ചിരിക്കുന്നത്. ഈ ജില്ലകളിൽ നിർമ്മാണം പൂർത്തീകരിച്ച ഭവനങ്ങളുടെ താക്കോൽ അതത് ജില്ലാ ഓഫീസർമാർക്ക് ചടങ്ങിൽ റവന്യു മന്ത്രി കൈമാറി.

          സർക്കാരിന്റെ നേതൃത്വത്തിലുള്ള ക്ഷേമ സ്ഥാപനങ്ങളിൽ നിന്ന് പുറത്തു പോകണ്ടി വരുന്ന സാഹചര്യത്തിൽ ഇവരെ സംരക്ഷിച്ചു നിർത്താനുള്ള വലിയൊരു പരിശ്രമത്തിന്റെ ഭാഗമായാണ് ഇത്തരമൊരു നടപടി സർക്കാർ സ്വീകരിച്ചതെന്ന് മന്ത്രി കെ. രാജൻ പറഞ്ഞു.  സമൂഹത്തിലെ പാർശ്വവൽക്കരിക്കപ്പെട്ട ജനതയുടെ ശബ്ദവും വെളിച്ചവുമായി മാറേണ്ട ഉത്തരവാദിത്തം സർക്കാരിനുണ്ട്.  സമൂഹത്തിനു മുന്നിൽ ഒറ്റപ്പെടേണ്ടിവന്ന ബാല്യങ്ങൾക്ക് സനാതത്വം ഉണ്ടാക്കിക്കൊണ്ട്  ഒരു കേരള മോഡൽ കൂടി രാജ്യത്തിന്റെ മുന്നിൽ ഈ പദ്ധതിയിലൂടെ സംസ്ഥാന സർക്കാർ അവതരിപ്പിക്കുകയാണെന്നും മന്ത്രി കൂട്ടിച്ചേർത്തു. 

          രാജ്യത്തിന്റെ ചരിത്രത്തിൽ ആദ്യമായിട്ടാണ് ഒരു സംസ്ഥാന സർക്കാർ ഇത്തരമൊരു പദ്ധതി ആവിഷ്‌കരിക്കുന്നതെന്ന് ചടങ്ങിൽ അധ്യക്ഷത വഹിച്ച വനിത ശിശുക്ഷേമ വകുപ്പ് മന്ത്രി വീണാ ജോർജ് പറഞ്ഞു. ഒരു സർക്കാർ എങ്ങനെയാണ് ഉത്തരവാദിത്തത്തോടെ പെരുമാറേണ്ടത് എന്നതിനുള്ള മികച്ച ഉദാഹരണമാണ് ഈ പദ്ധതിയെന്നും മന്ത്രി കൂട്ടിച്ചേർത്തു.

          തിരുവനന്തപുരം പാണക്കാട് ഹാളിൽ നടന്ന ചടങ്ങിൽ വനിത-ശിശുവികസന വകുപ്പ് ഡയറക്ടർ ഹരിത വി. കുമാർ, ഹൗസിംഗ് കമ്മിഷണറും സംസ്ഥാന ഭവന നിർമ്മാണ ബോർഡ് സെക്രട്ടറിയുമായ രാഹുൽ കൃഷ്ണ ശർമ്മ, ഭവന നിർമ്മാണ ബോർഡ് അംഗങ്ങളായ മാങ്കോട് രാധാകൃഷ്ണൻ, അഡ്വ. സുമോദ് കെ. എബ്രഹാം, സംസ്ഥാന പ്ലാനിംഗ് ബോർഡ് മെമ്പർ മിനി സുകുമാർ, പൂജപ്പുര രാധാകൃഷ്ണൻ തുടങ്ങിയവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *