Kerala News

കർഷകരുടെ അവകാശ സംരക്ഷണം തിരഞ്ഞെടുപ്പ് അജണ്ടയാകണം: തൃശൂരിൽ ജൈവകർഷക പഠനക്യാമ്പ്

തൃശൂർ: ഉപഭോക്തൃ–കർഷക ഏകോപന സമിതിയുടെ നേതൃത്വത്തിൽ പതിവായി സംഘടിപ്പിക്കുന്ന ജൈവകർഷക പരിശീലന–പഠന ക്യാമ്പ് തൃശൂർ ജവഹർ ബാലഭവൻ ഓഡിറ്റോറിയത്തിൽ നടന്നു. തൃശൂർ കോർപ്പറേഷൻ മേയർ ഡോ. നിജി ജസ്റ്റിൻ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. “തിരഞ്ഞെടുപ്പ് പ്രകടനപത്രികയിൽ കർഷകരുടെ അവകാശങ്ങൾ ഉറപ്പാക്കണം” എന്ന സന്ദേശമാണ് പരിപാടി മുന്നോട്ടുവച്ചത്.

ക്യാമ്പിനോടനുബന്ധിച്ച്, ഉപഭോക്തൃ–കർഷക കൂട്ടായ്മയിലെ അംഗങ്ങളായ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികൾക്ക് സ്വീകരണവും നൽകി. സമിതി പ്രസിഡന്റ് കനകപ്പിള്ളി ഗോപിനാഥൻ അധ്യക്ഷത വഹിച്ചു. സ്ഥാപക സെക്രട്ടറി രാധാകൃഷ്ണൻ ചെമ്പുക്കാവ് പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു.

ജൈവകൃഷിക്കാരനും , പ്രമുഖ ചലച്ചിത്ര നടനുമായ ശ്രീനിവാസനെ പരിപാടിയിൽ അനുസ്‍മരിച്ചു . തൃശൂർ കോർപ്പറേഷൻ മേയർ ഡോ. നിജി ജസ്റ്റിൻ, പുത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിന്ദു സേതുമാധവൻ, മുൻ ഡെപ്യൂട്ടി മേയർ അഡ്വ. സുബി ബാബു, കൃഷിശാസ്ത്രജ്ഞൻ ഡോ. അനിൽകുമാർ, ജൈവകൃഷി പ്രവർത്തകനായ സുനിൽ മഠത്തിൽ, ജൈവകർഷകരായ എൻ. എൻ. മുകുന്ദൻ ചേലക്കര, ഉഷാമുകുന്ദൻ കൊണ്ടാഴി എന്നിവരെ ഉപഭോക്തൃ–കർഷക ഏകോപന സമിതി ആദരിച്ചു.

കേരളത്തിൽ ജൈവകൃഷി വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി ഡോ. അനിൽകുമാർ കർഷകരെ ബോധവത്കരിക്കുകയും കൃഷി വികസനത്തിനുള്ള നിർദേശങ്ങൾ അവതരിപ്പിക്കുകയും ചെയ്തു. ഈ വർഷം 70 ഏക്കറിലധികം സ്ഥലങ്ങളിൽ ജൈവ പച്ചക്കറി–വാഴ കൃഷി കൂടുതൽ മേഖലകളിലേക്ക് വ്യാപിപ്പിക്കുമെന്ന് സ്റ്റേറ്റ് പ്രസിഡന്റ് ബി. ശങ്കരൻ വരവൂർ പ്രഖ്യാപിച്ചു.

കർഷകർ നേരിടുന്ന പ്രതിസന്ധികളെക്കുറിച്ചുള്ള ചർച്ചയിൽ, തിരഞ്ഞെടുപ്പ് പ്രകടനപത്രികകളിൽ കർഷകരുടെ അവകാശങ്ങൾ ഉൾപ്പെടുത്തണമെന്ന് എല്ലാ രാഷ്ട്രീയ പാർട്ടികളോടും സർക്കാരിനോടും ആവശ്യപ്പെട്ടു. ലീഗൽ അഡ്വൈസർ അഡ്വ. ടി. ഗോപകുമാർ, കൃഷി–സാമൂഹിക രംഗത്തെ വിദഗ്ധർ, സാമൂഹ്യ പ്രവർത്തകർ എന്നിവർ ചർച്ചകൾക്കും പഠന സെഷനുകൾക്കും നേതൃത്വം നൽകി. ട്രഷറർ പി. മണികണ്ഠൻ അരിമ്പൂർ സ്വാഗതവും, ജോയിന്റ് സെക്രട്ടറി സിനി സിദ്ദിഖ് നന്ദിയും രേഖപ്പെടുത്തി.

Leave a Reply

Your email address will not be published. Required fields are marked *