കൊച്ചി: ഫെഡറല്‍ ബാങ്കിന്റെ പുതിയ മാനേജിങ് ഡയറക്ടറും ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുമായി കെ വി എസ് മണിയന് ചുമതലയേറ്റു. പതിനാലു വർഷം ബാങ്കിന്റെ സാരഥിയായിരുന്ന ശ്യാം ശ്രീനിവാസന്റെ വിരമിച്ച ഒഴിവിലാണ് കെ വി എസ് മണിയനെ നിയമിച്ചത്. സെപ്റ്റംബർ 23 തിങ്കളാഴ്ച മുതൽ അദ്ദേഹത്തിന്റെ നിയമനം പ്രാബല്യത്തിൽ വന്നു.
മുന്‍ കൊടക് മഹീന്ദ്ര ബാങ്കിൽ 2.5 ദശാബ്ദത്തിലേറെ പ്രവർത്തിച്ച കെ വി എസ് മണിയന്, ബാങ്ക് ഇതര ധനകാര്യ സ്ഥാപനമായിരുന്ന കൊടക് മഹീന്ദ്രയെ രാജ്യത്തെ പ്രമുഖ ബാങ്കുകളില് ഒന്നാക്കി മാറ്റുന്നതില് നിര്‍ണായക പങ്കുവഹിച്ചു. കോർപ്പറേറ്റ്, ഇൻസ്റ്റിറ്റ്യൂഷണൽ, ഇൻവെസ്റ്റ്മെന്റ് ബാങ്കിങ്, ധനമാനേജ്മെന്റ് തുടങ്ങി വിവിധ മേഖലകളില് കെ വി എസ് മണിയന് വലിയ പരിചയസമ്പത്തുണ്ട്.
ഫെഡറൽ ബാങ്കിന്റെ പുതിയ സാരഥിയായ കെ വി എസ് മണിയന്റെ അനുഭവവും ദീർഘവീക്ഷണവും ബാങ്കിനെ ഉയരങ്ങളിലേക്ക് നയിക്കുമെന്ന് ബാങ്ക് അധികൃതർ അറിയിച്ചു. ഐഐടി വാരണസിയിൽ നിന്നുള്ള ഇലക്ട്രിക്കൽ എഞ്ചിനീയറിങ് ബിരുദധാരിയായ കെ വി എസ് മണിയന് ഫിനാൻഷ്യൽ മാനേജ്മെന്റിൽ ബിരുദാനന്തര ബിരുദവും കോസ്റ്റ് ആന്റ് വർക്സ് അക്കൗണ്ടന്റായ യോഗ്യതയുമുണ്ട്.





