ന്യൂഡൽഹി: ശബരിമല തീർത്ഥാടകർക്ക് നാളികേരമുള്ള ഇരുമുടിക്കെട്ടുമായി വിമാനത്തിൽ കയറാം. കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന് കീഴിലുള്ള സിവിൽ ഏവിയേഷൻ സുരക്ഷാ വിഭാഗം പ്രത്യേക ഇളവ് പ്രഖ്യാപിച്ചിരിക്കുകയാണ്. 2025 ജനുവരി 20-ന് മണ്ഡല-മകരവിളക്ക് തീർത്ഥാടന കാലാവധി അവസാനിക്കുന്നതു വരെ ഈ ഉത്തരവ് പ്രാബല്യത്തിൽ ഉണ്ടാകും.
സാധാരണയായി, ഇന്റർനാഷണൽ എയർ ട്രാൻസ്പോർട്ട് അസോസിയേഷൻ നാളികേരത്തെ അപകടകരമായ വസ്തുക്കളുടെ പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്നതിനാൽ വിമാനയാത്രയിൽ യാത്രക്കാർക്ക് നാളികേരം കൊണ്ട് പോകാൻ സാധിക്കാറില്ല. അതേസമയം, കേരളത്തിനു പുറത്തുള്ള തീർത്ഥാടകർക്ക് തങ്ങളുടെ സ്വദേശങ്ങളിൽനിന്ന് ഇരുമുടിക്കെട്ട് നിറച്ച് വിമാനത്തില്‍ യാത്ര ചെയ്തുവരാന്‍ സാധിക്കുമായിരുന്നില്ല. ഈ കാര്യം പരിഗണിച്ചാണ് നിയന്ത്രണങ്ങളിൽ ഇളവ് നൽകിയത്.
എന്നാൽ, എല്ലാ യാത്രക്കാരും സുരക്ഷാ പരിശോധനയ്ക്കുശേഷം മാത്രമേ ഇരുമുടിക്കെട്ടുമായി വിമാനത്തിൽ കയറാൻ അനുമതി ലഭിക്കൂ.





