കൊച്ചി: പ്രശസ്ത സംഗീത സംവിധായകന്‍ സുഷിന്‍ ശ്യാം വിവാഹിതനായി. അടുത്ത സുഹൃത്തുക്കളും കുടുംബാംഗങ്ങളും മാത്രം പങ്കെടുത്ത ചടങ്ങിലായിരുന്നു വിവാഹം , ഉത്തരയാണ് സുഷിന്‍റെ വധു. സിനിമാലോകത്തെ പ്രമുഖരും ചടങ്ങില് പങ്കെടുത്തു, ഫഹദ് ഫാസിലും ഭാര്യ നസ്രിയയും ചടങ്ങിന് സാക്ഷികളായി.
നടൻ ജയറാം , തിരക്കഥാകൃത്ത് ശ്യാം പുഷ്കര്‍, സംഗീത സംവിധായകന്‍ ദീപക് ദേവ് എന്നിവരും വിവാഹത്തിൽ പങ്കെടുത്തു. ജയറാമിന്റെ മകൾ മാളവികയുടെ വിവാഹത്തിൽ സുഷിന് തന്റെ ജീവിത പങ്കാളിയെ പരിചയപ്പെടുത്തിയിരുന്നു.
അമല്‍ നീരദ് സംവിധാനം ചെയ്ത ‘ബോഗയ്ന്വില്ല’ ആണ് സുഷിന്റെ അവസാന റിലീസ്. ഈ ചിത്രത്തിന് ശേഷം സുഷിന് ഒരു ചെറിയ ഇടവേള എടുക്കുമെന്ന് വ്യക്തമാക്കിയിരുന്നു. 2014ൽ ‘സപ്തമശ്രീ തസ്ക്കരാ’യിലൂടെ ചലച്ചിത്ര സംഗീത രംഗത്തേക്ക് കടന്നുവന്ന സുഷിന്, ‘കിസ്മത്ത്’ സിനിമയിലൂടെ സ്വതന്ത്ര സംഗീത സംവിധായകനായി. ‘കുമ്പളങ്ങി നൈറ്റ്സ്’ എന്ന ചിത്രത്തിലെ ഗാനത്തിന് മികച്ച സംഗീതത്തിനുള്ള സംസ്ഥാന പുരസ്കാരവും, ഇതേ ചിത്രത്തിനും വരത്തനും സംഗീതം നല്‍കിയതിന് സൈമ അവാര്‍ഡും സുഷിന്‍ നേടിയിരുന്നു.





