Kerala News Politics

പുറം ലോകത്ത് എത്താൻ നടപ്പാത വേണം; സ്ഥാനാർത്ഥിക്ക് മുന്നിൽ അപേക്ഷയുമായി ജൈനിമേട് മേനോൻ കോളനിവാസികൾ

പാലക്കാട്: ജനകീയ വിഷയങ്ങൾ ഏറ്റെടുത്തും ജനങ്ങളുടെ സങ്കടങ്ങൾ കേട്ടും പാലക്കാട് നഗരസഭയിലും കണ്ണാടി പഞ്ചായത്തിലും സ്ഥാനാർത്ഥി സി. കൃഷ്ണ കുമാറിൻ്റെ പര്യടനം.നഗര സഭയിലെ ജൈനിമേട് മേനോൻ കോളനിലെത്തിയപ്പോൾ റോഡില്ലാത്തതിൻ്റെ സങ്കടമായിരുന്നു പ്രദേശവാസികൾക്ക് പറയാനുണ്ടായിരുന്നത്. റെയിൽവേ പാതയോട് ചേർന്ന് കിടക്കുന്ന ഇവിടെ നടപ്പാതയോ, മേൽപ്പാലമോ ഇല്ല. രോഗികളായവരെ ആശുപത്രിയിലെത്തിക്കാൻ പോലും കഴിയാത്ത അവസ്ഥയാണെന്ന് പ്രദേശവാസിയായ കദീജ പറഞ്ഞു. അടുത്തിടെ ആശുപത്രിയിലെത്തിക്കാൻ വൈകിയതിനാൽ രോഗി മരിച്ചതായും, മേൽപ്പാല ആവശ്യം പല തവണ ശ്രദ്ധയിൽപ്പെടുത്തിയിട്ടും എം.പിയും, എം.എൽ.എയും അവഗണിക്കുകയായിരുന്നെന്നും വീട്ടമ്മയായ ആസിയ സ്ഥാനാർത്ഥിയോട് പറഞ്ഞു. പാലക്കാട് നിന്ന് തെരഞ്ഞെടുക്കപ്പെട്ടാൽ ഇക്കാര്യത്തിൽ അടിയന്തിര നടപടികൾ ഉണ്ടാവുമെന്നും റെയിൽവേ അധികൃതരുടെ ശ്രദ്ധയിൽ വിഷയം കൊണ്ടുവരുമെന്നും സ്ഥാനാർത്ഥി ഉറപ്പു നൽകി. 60 കുടുംബങ്ങളാണ് ഇവിടെ താമസിക്കുന്നത്.

രാവിലെ നൂറണിയിൽ നിന്നാണ് സ്ഥാനാർത്ഥി ഗൃഹ സന്ദർശനം തുടങ്ങിയത്. പിന്നീട് വൃദ്ധാവൻ കോളനിയിൽ എത്തി വ്യാപാര സ്ഥാപനങ്ങളിലും വീടുകളിലും വോട്ടഭ്യർത്ഥിച്ചു. തുടർന്ന് അരയാൽ കുളത്ത് എത്തിയ സ്ഥാനാർത്ഥിയോട് അടിസ്ഥാന സൗകര്യങ്ങൾ ഇല്ലാത്ത സങ്കടം പ്രദേശവാസികൾ പങ്കുവെച്ചു.തുടർന്ന് ഉച്ചയോടെ കൽപ്പാത്തിയിൽ എത്തിയ സ്ഥാനാർത്ഥി ക്ഷേത്ര ദർശനം നടത്തിയ ശേഷം ഗൃഹസന്ദർശനം ആരംഭിച്ചു.രഥോൽസവത്തിൽ പങ്കെടുക്കാനെത്തിയവരോട് വോട്ടഭ്യർത്ഥിച്ചു. പിന്നീട് വടക്കുംതറ തരവനാട്ട് ലൈനിൽ വോട്ടഭ്യർത്ഥിച്ചു.വൈകീട്ട് കണ്ണാടി പഞ്ചായത്തിലായിരുന്നു പര്യടനം. കിണാശ്ശേരി, കാളിയം കുന്നം, തണ്ണീർ പന്തൽ പ്രദേശങ്ങളിൽ വീടു കയറി വോട്ടഭ്യർത്ഥിച്ച സ്ഥാനാർത്ഥിയോട് കാർഷിക മേഖലയിലെ പ്രശ്നങ്ങൾ നാട്ടുകാർ ശ്രദ്ധയിൽപ്പെടുത്തി.മണ്ഡലം പ്രസിഡൻ്റ് വിജേഷ് കെ., ബി.ഡി.ജെ. എസ് ജില്ലാ ജനറൽ സെക്രട്ടറി എ. ഗംഗാധരൻ, മുൻ കൗൺസിലറും മണ്ഡലം പ്രസിഡൻ്റ് ഇൻ ചാർജുമായ വടക്കുംതറ ബേബി ,കൗൺസിലർ ജയലക്ഷ്മി, എസ്.സി മോർച്ച മണ്ഡലം സെക്രട്ടറി കോമളം തുടങ്ങിയവർ വിവിധ യോഗങ്ങളിൽ സ്ഥാനാർത്ഥിയെ അനുഗമിച്ചു.

Leave a Reply

Your email address will not be published. Required fields are marked *