മിനറൽ വാട്ടർ കുപ്പിവെള്ളത്തെ ഹൈറിസ്‌ക് വിഭാഗത്തിൽ ഉൾപ്പെടുത്തി ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ് അതോറിറ്റി ഓഫ് ഇന്ത്യ (FSSAI). പാക്കേജ് ചെയ്ത മിനറൽ വാട്ടറുകൾക്ക് ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്സിൽ നിന്ന് നിർബന്ധമായ സർട്ടിഫിക്കേഷൻ ഒഴിവാക്കാനുള്ള സർക്കാർ തീരുമാനത്തിന്റെ പശ്ചാത്തലത്തിലാണ് ഈ നീക്കം.
മോശം പാക്കേജിങ്, സ്റ്റോറേജിങ് തുടങ്ങിയവയുടെ പശ്ചാത്തലത്തിൽ മിനറൽ വാട്ടർ, പാൽ ഉൽപ്പന്നങ്ങൾ, മത്സ്യം, മുറിച്ചു വെച്ച പച്ചക്കറികൾ എന്നിവയെല്ലാം ഹൈറിസ്‌ക് ഭക്ഷണ വിഭാഗത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഈ വിഭാഗത്തിലുള്ള ഉൽപ്പന്നങ്ങൾ സുരക്ഷ പരിശോധനയ്ക്കായി നിർബന്ധമായും അയക്കേണ്ടതുണ്ട്.
ഉൽപ്പന്നങ്ങളുടെ ഗുണനിലവാരം ഉറപ്പാക്കാൻ ആവശ്യമായ നിയമങ്ങൾക്കൊപ്പം, ഈ ഉൽപ്പന്നങ്ങൾ നിർമ്മിക്കുന്ന കമ്പനികൾ എഫ്എസ്എസ്എഐയുടെ കീഴിലുള്ള തേർഡ് പാർട്ടി ഫുഡ് ഓഡിറ്റിംഗ് സ്ഥാപനങ്ങളിൽ നിന്ന് വർഷത്തിൽ ഒരിക്കൽ ഓഡിറ്റിങ് നടത്തുകയും വേണം.
ഇതിനിടെ, കഴിഞ്ഞ മാസം നടന്ന റെയ്ഡുകളിൽ വ്യാജ മിനറൽ വാട്ടർ കുപ്പികളും തെറ്റായ ഫിൽട്ടറേഷൻ രീതികളും കണ്ടെത്തി. ചന്ദ്രയാനഗുട്ടയിലെയും കച്ചെഗുഡയിലെയും വാട്ടർ പ്ലാൻ്റുകളിൽ നിന്നായി ആയിരക്കണക്കിന് വ്യാജ കുപ്പികളും പിടിച്ചെടുത്തതായി റിപ്പോർട്ട്.
ഉപഭോക്താക്കളുടെ സുരക്ഷ ഉറപ്പാക്കാനും മിനറൽ വാട്ടറുകളുടെ ഗുണനിലവാരം മെച്ചപ്പെടുത്താനുമുള്ള നടപടികൾ ശക്തിപ്പെടുത്തുമെന്ന് അധികൃതർ അറിയിച്ചു.