തൃശ്ശൂർ പൂരം അലങ്കോലമാക്കാൻ ശ്രമമുണ്ടായെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തൃശ്ശൂരിൽ അഴീക്കോടൻ രാഘവൻ അനുസ്മരണ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
തൃശൂർ പൂരം സംബന്ധിച്ച റിപ്പോർട്ട് നാളെ തൻ്റെ കൈയ്യിൽ കിട്ടും. വിവരങ്ങൾ തനിക്ക് ഇപ്പോൾ അറിയില്ല. അതേക്കുറിച്ച് തനിക്ക് ഇപ്പോൾ പറയാൻ കഴിയില്ല. റിപ്പോർട്ട് ലഭിച്ചശേഷം പുറത്തുവിടും. റിപ്പോർട്ട് കാണാതെയാണ് മാധ്യമങ്ങൾ വാർത്ത റിപ്പോർട്ട് ചെയ്യുന്നത്. റിപ്പോർട്ടിൽ എന്താണെന്ന് മൂന്നാല് ദിവസം കാത്തിരുന്നാൽ മനസിലാകും. അപ്പോഴേക്കും ജനത്തിൻ്റെ മനസിൽ സംഭവിക്കാൻ പാടില്ലാത്ത കാര്യം അന്വേഷണത്തിലും സംഭവിച്ചുവെന്ന വികാരം ജനിപ്പിക്കാനാണ് പ്രചാരണം നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.
പൂരം അലങ്കോലമാക്കിയ സംഭവത്തിൽ 24 ന് മുമ്പ് റിപ്പോർട്ട് ലഭിക്കണം എന്ന് താൻ ഉത്തരവിട്ടിരുന്നു. 23 ന് തന്നെ റിപ്പോർട്ട് ഡിജിപിയുടെ ഓഫീസിലെത്തി. ആ റിപ്പോർട്ട് നാളെ എൻ്റെ കൈയ്യിലെത്തും. നിക്ഷിപ്ത താത്പര്യക്കാരുടെ എതിർപ്പിന് മുന്നിൽ വഴങ്ങിക്കൊടുക്കേണ്ടതല്ല സർക്കാരെന്നും പിവി അൻവറിൻ്റെ പേര് പരാമർശിക്കാതെ അദ്ദേഹം പറഞ്ഞു. സിപിഎം പാർട്ടിയുടേതായ മാർഗ്ഗത്തിൽ മുന്നോട്ട് പോവുകയാണ്. നിക്ഷിപ്ത താത്പര്യക്കാരുടെ എതിർപ്പിന് വഴങ്ങില്ല. പറഞ്ഞ് മനസ്സിലാക്കുമ്പോൾ വഴങ്ങിയില്ലെങ്കിൽ സർക്കാർ സർക്കാരിന്റെ വഴിക്കു നീങ്ങുമെന്നും അദ്ദേഹം പറഞ്ഞു.