ശബരിമല: പതിനെട്ടാംപടിയില് ഫോട്ടോഷൂട്ട് നടത്തിയ 23 പൊലീസുകാരെ എഡിജിപി എസ് ശ്രീജിത്തിന്റെ നിര്‍ദ്ദേശപ്രകാരം നല്ലനടപ്പുപരിശീലനത്തിന് അയച്ചു. കണ്ണൂര് നാലാം ബറ്റാലിയനില്‍ ആണ് ഇവരുടെ പരിശീലനം നടക്കുക.
എസ്എപി ക്യാമ്പിലെ ഈ പൊലീസുകാര്‍ നടയടച്ചശേഷം പതിനെട്ടാംപടിയുടെ താഴെ നിന്ന് മുകളിലേക്കുള്ള ഭാഗത്ത് വരിവരിയായി നിന്നു ഫോട്ടോ എടുത്തതാണ് വിവാദമായത്. സമൂഹമാധ്യമങ്ങളില്‍ ചിത്രങ്ങള്‍ പ്രചരിച്ചതിനെ തുടര്‍ന്ന് ദേവസ്വം ബോർഡും ഹൈക്കോടതിയും സംഭവത്തില്‍ പ്രതികരിച്ചു.
മകരവിളക്ക് സീസണില് തീര്‍ത്ഥാടകരുടെ കൃത്യമായ നിയന്ത്രണവും സുരക്ഷയും ഏര്‍പ്പെടുത്തിയ പൊലീസ് സംഘമായിരുന്നിട്ടും ഇത്തരം ഫോട്ടോ ഷൂട്ട് അംഗീകരിക്കാനാവില്ലെന്ന് എഡിജിപി അറിയിച്ചു. സംഭവത്തിന്‍റെ പശ്ചാത്തലത്തില് ദേവസ്വം ബോർഡ് ശക്തമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി.
ഇനി മുതല്‍ മേലെ തിരുമുറ്റം, സോപാനം, മേല്‍പാലം, മാളികപ്പുറം ഭാഗങ്ങളിൽ മൊബൈല്‍ ഫോണുകള്‍ക്കും ചിത്രീകരണത്തിനും പൂർണ്ണ വിലക്ക്. പൊലീസുകാർക്കും ഈ വിലക്ക് ബാധകമാണ്. അതേസമയം, ചടങ്ങുകള്‍ ചിത്രീകരിക്കുന്നതിനും ചിത്രങ്ങളെടുക്കുന്നതിനും മാധ്യമങ്ങള്‍ക്ക് അനുമതിയുണ്ടാകുമെന്ന് ദേവസ്വം ബോർഡ് വ്യക്തമാക്കിയിട്ടുണ്ട്.





