Kerala News

അഴിമതി നടത്താനുള്ള മനോഭാവം ഇല്ലാതാക്കുക എന്നത് പ്രധാനം: മുഖ്യമന്ത്രി

        കൈക്കൂലി വാങ്ങുന്നവരെ പിടികൂടി ശിക്ഷിക്കുന്നതോടെ അവസാനിക്കുന്നതല്ല അഴിമതിക്കെതിരെയുള്ള പോരാട്ടമെന്നും അഴിമതി നടത്താനുള്ള മനോഭാവം ഇല്ലാതാക്കുക എന്നതും പ്രധാനമാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. തിരുവനതപുരത്തെ വിജിലൻസ് ആസ്ഥാനത്ത് നടന്ന വിവിധ വകുപ്പുകളിലെ ചീഫ് വിജിലൻസ് ഓഫീസർമാരുടെ വാർഷിക സമ്മേളനം  ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. അന്വേഷണമികവ് തെളിയിച്ച വിജിലൻസ് ഉദ്യോഗസ്ഥർക്ക് മുഖ്യമന്ത്രി ചടങ്ങിൽ ബാഡ്ജ് ഓഫ് ഓണർ വിതരണം ചെയ്തു.

        അഴിമതി എന്ന സാമൂഹ്യവിപത്തിനെ ഇല്ലാതാക്കാനുള്ള നിരന്തരമായ ബോധവത്ക്കരണം സർക്കാർ സർവീസിലേക്ക് പ്രവേശിക്കുന്ന ഘട്ടം മുതൽ സർവ്വീസിന്റെ അവസാന ഘട്ടം വരെ ജീവനക്കാർക്ക് ലഭിക്കണം. അങ്ങനെ ജീവനക്കാരുടെ മനോഭാവത്തിൽ തന്നെ അഴിമതിവിരുദ്ധമായ ഒരു കാഴ്ചപ്പാട് വളർത്തിയെടുക്കേണ്ടതുണ്ട്. ആ നിലയ്ക്കുള്ള സാമൂഹിക പ്രതിബദ്ധത രൂപപ്പെടുത്തുന്നതിന് ഉതകുന്ന നിർദ്ദേശങ്ങൾ വിജിലൻസിന്റെ ഭാഗത്തുനിന്നും ഉണ്ടാകമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

        അഴിമതിരഹിതവും കാര്യക്ഷമവുമായ ഭരണസംവിധാനം എന്ന ആശയം മുന്നോട്ടുവെച്ചാണ് ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാർ 2016 ൽ അധികാരത്തിൽ വന്നത്. ആ കാഴ്ചപ്പാട് വലിയൊരളവോളം പ്രാവർത്തികമാക്കാൻ കഴിഞ്ഞുവെന്നത് അഭിമാനകരമായ വസ്തുതയാണ്. ഇത് പെട്ടെന്നു സംഭവിച്ചതല്ല. വളരെ ചിട്ടയോടെയുള്ള ക്രിയാത്മകമായ ഇടപെടലുകൾ അതിനു പിന്നിലുണ്ട്. ‘സീറോ ടോളറൻസ് ടു കറപ്ഷൻ’ എന്ന നയം നടപ്പിലാക്കുന്നതിന് സ്വീകരിച്ച നടപടികൾ വലിയ തോതിൽ ഫലപ്രാപ്തിയിലെത്തി എന്നതിനു തെളിവാണ് അഴിമതിരഹിത സുസ്ഥിര വികസനം നടപ്പിലാക്കിയ രാജ്യത്തെ ഏക സംസ്ഥാനമായി കേരളം മാറിത്തീർന്നു എന്ന വസ്തുത.

        പൊതുജനങ്ങൾക്ക് അർഹമായതും അവകാശപ്പെട്ടതുമായ സേവനങ്ങൾ സുതാര്യമായും കാര്യക്ഷമമായും സമയബന്ധിതമായും എത്തിക്കുകയെന്നതാണ്  സർക്കാരിന്റെ നയം. കഴിഞ്ഞ എട്ടര വർഷക്കാലമായി ഈ കാഴ്ചപ്പാടു തന്നെയാണ് സർക്കാർ തുടർന്നുവരുന്നത്. ഇക്കാലയളവിൽ വികസന-ക്ഷേമ രംഗങ്ങളിൽ മാതൃകാപരമായ ഒട്ടേറെ ഇടപെടലുകൾ നടത്താൻ സാധിച്ചു.

        2016 മുതൽക്കിങ്ങോട്ട് 90,000 കോടിയോളം രൂപയുടെ പദ്ധതികളാണ് കിഫ്ബി മുഖേന മാത്രം ഏറ്റെടുത്തത്. എവിടെ വികസനമുണ്ടോ അവിടെ അഴിമതി സ്വാഭാവികമായും ഉണ്ടാവും എന്നാണു പൊതുവേ പറയാറ്. എന്നാൽ അഴിമതി രഹിതമായി വികസന പദ്ധതികൾ എങ്ങനെ നടപ്പിലാക്കാമെന്നത് നമ്മുടെ സംസ്ഥാനത്തിന് ഈ കാലയളവിൽ തെളിയിക്കാൻ കഴിഞ്ഞിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.

        സർക്കാർ സേവനങ്ങൾ ജനങ്ങളുടെ അവകാശമാണ് എന്ന ബോധ്യത്തോടെ അവയെ ഓൺലൈനായി വിരൽത്തുമ്പിലും വാതിൽപ്പടി സേവനങ്ങളിലൂടെ വീട്ടുപടിക്കലും ലഭ്യമാക്കുകയാണ്. സർക്കാർ നടപ്പാക്കിവരുന്ന വികസന-ക്ഷേമ പ്രവർത്തനങ്ങളുടെ ഗുണഫലങ്ങൾ അർഹമായ കരങ്ങളിൽ എത്തിച്ചേരുന്നുവെന്ന് ഉറപ്പാക്കേണ്ടത് അനിവാര്യമാണ്. ഇവിടെയാണ് വിജിലൻസ് ആൻഡ് ആന്റികറപ്ഷൻ ബ്യൂറോയുടെ ഇടപെടൽ ആവശ്യമായിട്ടുള്ളത്.

        ഈ സർക്കാർ അധികാരത്തിൽ വന്നതിനുശേഷം 2021 മുതൽ ഇതുവരെ 157 ട്രാപ്പുകളിലായി 187 ഉദ്യോഗസ്ഥർ പ്രതികളായിട്ടുണ്ട്. 2024 ൽ മാത്രം വിവിധ സർക്കാർ വകുപ്പുകളിലായി 6 സംസ്ഥാനതല മിന്നൽ പരിശോധന ഉൾപ്പെടെ 439 പരിശോധനകൾ നടത്തി.  107 വിജിലൻസ് കേസുകളും 71 വിജിലൻസ് എൻക്വയറികളും 271 പ്രാഥമിക അന്വേഷണങ്ങളും 86 രഹസ്യാന്വേഷണങ്ങളും ഇതിന്റെ ഫലമായി രജിസ്റ്റർ ചെയ്തു.

        സംസ്ഥാനത്താകമാനം വിവിധ വകുപ്പുകളിൽ വിജിലൻസ് നടത്തിയ മിന്നൽ പരിശോധനകളിലെ ശുപാർശകൾ കൂടി പരിഗണിച്ചാണ് ജനങ്ങളുടെ ദൈനംദിന ജീവിതപ്രശ്നങ്ങളുമായി ബന്ധപ്പെട്ട സേവനങ്ങളെല്ലാം ഡിജിറ്റലൈസ് ചെയ്യാനുള്ള തീരുമാനം സർക്കാർ കൈക്കൊണ്ടത്. സർക്കാർ സേവനങ്ങളിൽ സുതാര്യത ഉറപ്പാക്കുവാനായി പരമാവധി സേവനങ്ങൾ ഓൺലൈനാക്കിയിട്ടുണ്ട്. അറുന്നൂറോളം സേവനങ്ങൾ ‘എം-സേവനം’ എന്ന മൊബൈൽ ആപ്പ് വഴി ലഭ്യമാക്കി. തൊള്ളായിരത്തോളം സേവനങ്ങൾ ‘ഇ-സേവനം’ എന്ന പോർട്ടലിലൂടെ ലഭ്യമാക്കി. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സേവനങ്ങൾ ലഭ്യമാകുന്ന ‘കെ-സ്മാർട്ട്’, റവന്യൂ – രജിസ്ട്രേഷൻ – സർവേ വകുപ്പുകൾ സംയുക്തമായി നടപ്പിലാക്കുന്ന ‘എന്റെ ഭൂമി സമഗ്ര ഭൂവിവര ഡിജിറ്റൽ സംവിധാനം’ എന്നിവ ഈ സർക്കാരിന്റെ കാലത്താണ് ആരംഭിച്ചത്.

        ഇത്തരം ഇടപെടലുകളൊക്കെ നടത്തുന്നുവെങ്കിലും അഴിമതി പൂർണ്ണമായും ഒഴിവായിട്ടില്ല. പുതുതലമുറ സാങ്കേതികവിദ്യ പോലും ചിലർ ദുഷ്ചെയ്തികൾക്കായി ഉപയോഗിച്ചുവരുന്നുണ്ട്. അതുകൊണ്ടുതന്നെ കൂടുതൽ ജാഗ്രത്തായ പ്രവർത്തനമാണ് വിജിലൻസിൽ നിന്നും സർക്കാർ പ്രതീക്ഷിക്കുന്നത്.

        പൊതുജനങ്ങളുമായി ഏറ്റവും കൂടുതൽ സമ്പർക്കം പുലർത്തുന്ന വകുപ്പുകളിൽ വിജിലൻസിന്റെ തുടർച്ചയായ നിരീക്ഷണമുണ്ടാകണം. അഴിമതിക്കാരായ ഉദ്യോഗസ്ഥരുടെ പട്ടിക തയ്യാറാക്കി, അവരെ പ്രത്യേകം നിരീക്ഷിക്കണം.

        അഴിമതിയുടെ കാര്യത്തിൽ ചെറുതും വലുതുമെന്ന താരതമ്യമേ ആവശ്യമില്ല. അഴിമതിക്ക് കൂട്ടുനിൽക്കുന്നതും അതിനായി പ്രേരിപ്പിക്കുന്നതും അഴിമതി തന്നെയാണ്. അത്തരക്കാർക്കെതിരെ ഒരു മൃദുസമീപനവും നിങ്ങൾ സ്വീകരിക്കേണ്ടതില്ല. ഇക്കാര്യത്തിൽ ശക്തമായ നിലപാടുകൾ സ്വീകരിക്കാൻ വിജിലൻസിന് കഴിയണം. അഴിമതി ഒരു മനുഷ്യാവകാശ പ്രശ്നം കൂടിയാണ്. നാടിന്റെ വികസനത്തെ പിന്നോട്ടടിക്കുന്ന വിപത്താണ് അഴിമതിയെന്നത് ജനങ്ങളെ ബോധ്യപ്പെടുത്തണം. ഈ കാഴ്ചപ്പാടോടെ വിപുലമായ പ്രചാരണ പരിപാടികൾ സംഘടിപ്പിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. വിജിലൻസിന്റെ ബാഡ്ജ് ഓഫ് ഓണറിന് അർഹരായ  ഉദ്യോഗസ്ഥർക്ക്  ലഭിച്ച അംഗീകാരം മറ്റുള്ളവർക്ക്കൂടി പ്രചോദനമായിത്തീരട്ടെ എന്ന് മുഖ്യമന്ത്രി ആശംസിച്ചു.

        ഡി.ജി.പി. & ഡയറക്ടർ വി.എ.സി.ബി.(കേരളം) യോഗേഷ് ഗുപ്ത അധ്യക്ഷത വഹിച്ച ചടങ്ങിൽ ചീഫ് സെക്രട്ടറി ശാരദ മുരളീധരൻ, സംസ്ഥാന പോലീസ് മേധാവി ഷെയ്ഖ് ദർവേശ് സാഹിബ്, വിജിലൻസ് ഉദ്യോഗസ്ഥർ, മെഡൽ ജേതാക്കളുടെ കുടുംബാംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *