ജമ്മു: ദക്ഷിണ കശ്മീരിലെ ഹിമാലയൻ മലനിരകളിലുള്ള അമർനാഥ് ഗുഹാക്ഷേത്രത്തിലേക്കുള്ള തീർത്ഥാടനത്തിനായി രണ്ടാം ബാച്ച് യാത്ര തിരിച്ചു. 6,700-ലധികം ഭക്തരുടെ പുതിയ സംഘം ഞായറാഴ്ച പുലർച്ചെ ജമ്മുവിലെ ഭഗവതി നഗർ ബേസ് ക്യാമ്പിൽ നിന്ന് യാത്ര ആരംഭിച്ചു. കർശന സുരക്ഷയിലാണ് സംഘം യാത്ര തുടങ്ങിയത്.
1,310 സ്ത്രീകളും 22 കുട്ടികളും ഉൾപ്പെടുന്ന തീർത്ഥാടക സംഘം പുലർച്ചെ 3.00 മണിക്കും 3.40 മണിക്കും രണ്ട് പ്രത്യേക വാഹനവ്യൂഹങ്ങളിലായാണ് യാത്ര പുറപ്പെട്ടതെന്ന് അധികൃതർ അറിയിച്ചു.
ജൂലൈ 2ന് ജമ്മുവിൽ നിന്ന് ലഫ്റ്റനൻ്റ് ഗവർണർ മനോജ് സിൻഹ അമർനാഥ് യാത്രയ്ക്ക് ഔദ്യോഗികമായി തുടക്കമിട്ടതിന് ശേഷം ജമ്മുവിൽ നിന്ന് കശ്മീരിലേക്ക് പുറപ്പെടുന്ന നാലാമത്തെ തീർത്ഥാടക സംഘമാണിത്. തീർത്ഥാടകരുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി യാത്രാമാർഗത്തിൽ കർശന സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.





