പാലക്കാട്:കര്‍ഷകരോടുള്ള അവഗണനയും, നെല്ലിന്റെ സംഭരണ വില വര്‍ധിപ്പിക്കാത്തതിലും പ്രതിഷേധിച്ച് കര്‍ഷകമോര്‍ച്ച സംഘടിപ്പിച്ച ട്രാക്ടര്‍ റാലി സംസ്ഥാന സര്‍ക്കാരിനുള്ള താക്കീതായി. നൂറോളം ട്രാക്ടറുകളുടെ അകമ്പടിയോടെ കണ്ണാടി പാത്തിക്കലില്‍ നിന്നാരംഭിച്ച റാലി കര്‍ഷകനും സിനിമതാരവുമായ കൃഷ്ണപ്രസാദ് ഉദ്ഘാടനം ചെയ്തു.
കേരളത്തില്‍ 27 ലക്ഷം കര്‍ഷകര്‍ക്ക് കേന്ദ്രസര്‍ക്കാരിന്റെ കിസാന്‍ സമ്മാന്‍ നിധിയിലൂടെ സഹായം ലഭിക്കുമ്പോള്‍, സംസ്ഥാന സര്‍ക്കാരില്‍ നിന്ന് സാമൂഹ്യ പെന്‍ഷന്‍ ലഭിക്കാനായി പിച്ചച്ചട്ടിയെടുത്ത് നടക്കേണ്ട ഗതികേടിലാണെന്ന് റാലി ഉദ്ഘാടനം ചെയ്ത കൃഷ്ണപ്രസാദ് പറഞ്ഞു. കേന്ദ്രം ഓരോ വര്‍ഷവും നെല്ലിന്റെ സംഭരണവില ഉയര്‍ത്തുമ്പോള്‍ സംസ്ഥാനം അത് വെട്ടിക്കുറയ്ക്കുകയാണ്. കഴിഞ്ഞ എട്ടുവര്‍ഷമായി കര്‍ഷകരെ ബുദ്ധിമുട്ടിക്കുന്ന സര്‍ക്കാരാണ് കേരളം ഭരിക്കുന്നത്.
കൊയ്തിട്ട നെല്ലെടുക്കാത്ത സപ്ലൈകോയും, കൃഷിവകുപ്പും കര്‍ഷക ആത്മഹത്യക്ക് മറുപടി പറയേണ്ടിവരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കര്‍ഷകരെ ദ്രോഹിക്കുന്ന സര്‍ക്കാരും, അതിന് കൂട്ടുനില്‍ക്കുന്ന പ്രതിപക്ഷവുമാണ് കേരളത്തിലുളളതെന്ന് പിരായിരി അയ്യപ്പന്‍കാവ് പരിസരത്ത് നടന്ന സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ പറഞ്ഞു.
ജനങ്ങളുടെ ജീവല്‍ പ്രശ്‌നങ്ങളില്‍ എല്‍ഡിഎഫും യുഡിഎഫും കാണിക്കുന്ന വഞ്ചന തുറന്നുകാണിച്ചുകൊണ്ട് എന്‍ഡിഎ രംഗത്തുണ്ടാവും. അബ്ദുള്‍ നാസര്‍ മദനിയെ മോചിപ്പിക്കാനും, വഖഫ് ബോര്‍ഡ് നിയമ പരിഷ്‌കാരത്തിനെതിരെയും,കാശ്മീരില്‍ 370-ാം വകുപ്പ് എടുത്തുമാറ്റിയതിനും, നിയമസഭയില്‍ ഇരുമുന്നണികളും ഐകകണ്‌ഠ്യേന പ്രമേയം കൊണ്ടുവന്നു. എന്നാല്‍, കേരളത്തില്‍ ആത്മഹത്യ ചെയ്യുന്ന കര്‍ഷകര്‍ക്ക് വേണ്ടിയോ, അവരെ സംരക്ഷിക്കണമെന്നാവശ്യപ്പെട്ടോ ഒരുമിച്ച് നില്‍ക്കാന്‍ ഇരുമുന്നണികള്‍ക്കും കഴിഞ്ഞിട്ടുണ്ടോയെന്നും സുരേന്ദ്രന്‍ ചോദിച്ചു.
കഴിഞ്ഞ നാലുവര്‍ഷത്തിനിടെ കര്‍ഷകര്‍ക്കായി എത്രകോടിരൂപ കേന്ദ്രം നല്‍കിയിട്ടുണ്ടെന്ന് പ്രതിപക്ഷനേതാവ് വ്യക്തമാക്കണം. മോദി സഹായിക്കുന്നില്ലെന്ന് വരുത്തി തീര്‍ക്കാന്‍ പിണറായി വിജയന്‍ ഇക്കാര്യം മറച്ചുവയ്ക്കും. ഒരു ക്വിന്റല്‍ നെല്ലിന് 686 രൂപ അധികമായി കേന്ദ്രം താങ്ങുവില നല്‍കി. 10 കൊല്ലം യുപിഎ ഭരിച്ചവര്‍ എന്തുചെയ്തുവെന്നും, മോദി സര്‍ക്കാര്‍ വന്നതിന് ശേഷം എന്തുലഭിച്ചുവെന്നും കര്‍ഷകര്‍ക്കറിയാം. കേന്ദ്രം നല്‍കുന്ന തുക പിടിച്ചുവെച്ച് സംസ്ഥാന സര്‍ക്കാര്‍ കര്‍ഷകരെ കൊണ്ട് വായ്പയെടുപ്പിക്കുകയാണ്. സര്‍ക്കാര്‍ പണം തിരിച്ചടയ്ക്കാത്തത് സംബന്ധിച്ച് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ ഒരക്ഷരം മിണ്ടുന്നില്ല.
പാലക്കാട് ഉള്‍പ്പെടെ നിരവധി കര്‍ഷകര്‍ ആത്മഹത്യ ചെയ്തിട്ടും ഒരു അടിയന്തര പ്രമേയം പോലും അവതരിപ്പിക്കാത്തവരാണ് വി.ഡി. സതീശനും, ഷാഫിപറമ്പിലും. കേന്ദ്രം താങ്ങുവില വര്‍ധിപ്പിക്കുമ്പോള്‍ അതിനനുസരിച്ച് സംസ്ഥാനങ്ങളും വര്‍ധിപ്പിക്കുന്നു. എന്നാല്‍ കേരളത്തില്‍ നേരെ കുറയ്ക്കുകയാണ് ചെയ്തത്.
ബിജെപി പ്രതിനിധി പാലക്കാട് നിന്ന് നിയമസഭയിലെത്തിയാല്‍ ഇരു മുന്നണികളുടെയും ഐക്യകണ്‌ഠ്യേനയുള്ള പ്രമേയ അവതരണ പരിപാടി ഉണ്ടാവില്ലെന്നും, യഥാര്‍ത്ഥ കര്‍ഷക പ്രതിനിധിയായിരിക്കും സി. കൃഷ്ണ കുമാറെന്നും സുരേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.
കര്‍ഷകര്‍ക്കൊപ്പം എന്നും നിലകൊണ്ട പ്രസ്ഥാനമാണ് ബിജെപിയെന്ന് സംസ്ഥാന വൈസ് പ്രസിഡന്റ് ശോഭാസുരേന്ദ്രന്‍. നിയമസഭയില്‍ ഇടതുവലതു മുന്നികള്‍ കര്‍ഷകര്‍ക്ക് വേണ്ടി ശബ്ദിക്കാതിരുന്നപ്പോഴും കര്‍ഷകര്‍ക്ക് വേണ്ടി സമരപോരാട്ടം നടത്തിയത് ബിജെപിയാണ്. വരാന്‍പോകുന്ന നാളുകളില്‍ എന്‍ഡിഎ മുഖ്യമന്ത്രി കസേരയിലിരിക്കും. അന്ന് കര്‍ഷകര്‍ക്ക് വേണ്ടി ആദ്യ നയപ്രഖ്യാപനം ഉണ്ടാവും. മനുഷ്യനെ സംരക്ഷിക്കുന്നത് പോലെ മണ്ണിനെ സംരക്ഷിക്കണം. കര്‍ഷകരുടെ അവകാശങ്ങള്‍ക്ക് വേണ്ടിയുള്ള പോരാട്ടം തുടരുമെന്നും അവര്‍ വ്യക്തമാക്കി. ട്രാക്ടർ റാലി കര്‍ഷക ഹൃദയഭൂമിയിലൂടെ സഞ്ചിരിച്ച് പിരായിരി അയ്യപ്പന്‍ക്കാവില്‍ സമാപിച്ചു.
എന്‍ഡിഎ സ്ഥാനാര്‍ഥി സി. കൃഷ്ണകുമാര്‍, ബിജെപി സംസ്ഥാന സെക്രട്ടറി രേണു സുരേഷ്, സംസ്ഥാന ട്രഷറര്‍ അഡ്വ.ഇ. കൃഷ്ണദാസ്, സംസ്ഥാന വക്താവ് അഡ്വ.ടി.പി. സിന്ധുമോള്‍,ശങ്കു ടി.ദാസ്, ജില്ലാ അധ്യക്ഷന്‍ കെ.എം. ഹരിദാസ്, കര്‍ഷകമോര്‍ച്ച സംസ്ഥാന അധ്യക്ഷന്‍ ഷാജി രാഘവന്‍, വൈസ് പ്രസി: എം.വി.രാമചന്ദ്രന്‍, ജില്ലാ അധ്യക്ഷന്‍ കെ. വേണു, ജില്ലാ ജന.സെക്രട്ടറിമാരായ ആര്‍. രമേശ്, കെ.സി. സുരേഷ്, മഹിളാ മോര്‍ച്ച സംസ്ഥാന ജനറല്‍ സെക്രട്ടറി സിനിമനോജ്, ഭാരവാഹികളായ എസ്. ചന്ദ്രശേഖരന്‍, എ.പ്രഭാകരന്‍ തുടങ്ങിയവർ പങ്കെടുത്തു.