Kerala News Politics

തരൂരിന്റെ ലേഖനവിവാദം: ‘ഇനി വിവാദം വേണ്ട, അടഞ്ഞ അധ്യായം’ – കെ.സി. വേണുഗോപാൽ


തിരുവനന്തപുരം: ശശി തരൂർ എംപിയുടെ ലേഖനവുമായി ബന്ധപ്പെട്ട് ഇനി വിവാദം വേണ്ടെന്നും ഇതിനെ അടഞ്ഞ അധ്യായമായി കാണാനാണ് കോൺഗ്രസിന്റെ താൽപര്യമെന്നും കെ. സി. വേണുഗോപാൽ വ്യക്തമാക്കി. ലഭിച്ച ഡാറ്റയുടെ അടിസ്ഥാനത്തിലാണ് തരൂർ ലേഖനം എഴുതിയത്. ശരിയായ ഡാറ്റ ലഭിക്കുമ്പോൾ നിലപാട് മാറ്റുമെന്ന് തരൂർ തന്നെയാണ് അറിയിച്ചതെന്നും പാർട്ടി അതിനെ മുഖവിലയ്ക്കു സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കേരളത്തിലെ ചെറുകിട വ്യവസായങ്ങൾ പൂട്ടിക്കൊണ്ടിരിക്കുകയാണ്, അതേസമയം സർക്കാർ കൃത്രിമ കണക്കുകളുമായി മുന്നോട്ട് പോകുന്നതായി കെ. സി. വേണുഗോപാൽ വിമർശിച്ചു. തരൂരുമായി പാർട്ടി സംസാരിച്ചു, തിരുത്തുമെന്നു കരുതുന്നതായും കോൺഗ്രസ് നേതാക്കളിൽ ഭിന്നാഭിപ്രായമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

തരൂരിന്റെ ‘ദി ന്യൂ ഇന്ത്യൻ എക്സ്പ്രസ്’ ലേഖനത്തിലാണ് വിവാദം ഉയർന്നത്. കേരളത്തിലെ വ്യാവസായിക രംഗത്തെ പുരോഗതി വിലയിരുത്തിയ ലേഖനത്തിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ചെയ്ത നല്ല കാര്യങ്ങളെ അംഗീകരിക്കണമെന്ന നിലപാടാണ് തരൂർ എടുത്തത്. തൻറെ നിലപാടിൽ മാറ്റമില്ലെന്നും വസ്തുതകളുടെ അടിസ്ഥാനത്തിലാണ് ലേഖനം തയ്യാറാക്കിയതെന്നും തരൂർ മറുപടി നൽകി.

അതേസമയം, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ യുഎസ് സന്ദർശനത്തെ സംബന്ധിച്ച തരൂരിന്റെ പരാമർശങ്ങളും വിവാദമായിരുന്നു. മോദിയുടെ സന്ദർശനം പ്രതീക്ഷ നൽകുന്നതാണെന്ന തരൂരിന്റെ അഭിപ്രായത്തോട് കോൺഗ്രസ് സംശയം പ്രകടിപ്പിച്ചു. അനധികൃത കുടിയേറ്റക്കാരെ തിരിച്ചയക്കുന്ന നടപടിയിൽ തെറ്റില്ലെങ്കിലും അവരെ കൊണ്ടുവരുന്ന രീതി സംബന്ധിച്ച ഉറപ്പ് ലഭിക്കാത്തതിൽ നിരാശയുണ്ടെന്ന് തരൂർ വ്യക്തമാക്കി. അതേസമയം, കുടിയേറ്റക്കാരെ വിലങ്ങും ചങ്ങലയുമണിയിച്ച് കൊണ്ടുവരുന്നതിന് താൻ എതിരാണെന്നും തരൂർ നേരത്തെ വ്യക്തമാക്കിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *