തൃശൂര്‍ : ഉത്സവാന്തരീക്ഷത്തില്‍ ബിജെപി ജില്ലാ ഓഫീസ് നമോ ഭവന്റെ ഉദ്ഘാടനം കേന്ദ്ര സഹ മന്ത്രി സുരേഷ് ഗോപി നിര്‍വഹിച്ചു. കേരളത്തില്‍ നടക്കാനിരിക്കുന്ന രാഷ്ട്രീയ പരിവര്‍ത്തനത്തിന്റെ തുടക്കം തൃശൂരില്‍ നിന്നാണെന്നും തൃശൂരിലെ പുതിയ ഓഫീസ് അതിന് ഗതിവേഗം കൂട്ടുമെന്നും അദ്ദേഹം പറഞ്ഞു. തൃശൂരിലെ വിജയത്തിന് കാരണം പൂരം നടത്തിയതാണെന്നും കിരീടം കൊടുത്തതാണെന്നുമൊക്കെ പലരും പ്രചരിപ്പിക്കുന്നുണ്ട്. ജനങ്ങള്‍ നല്‍കിയ വിജയത്തിന്റെ മാറ്റ് കുറയ്ക്കാന്‍ ഉദ്ദേശിച്ചുള്ളതാണ് ആ പ്രചരണം. പാവപ്പെട്ടവരുടെ കണ്ണീര് വിറ്റ് കോടികള്‍ കൊള്ളയടിച്ചവര്‍ക്കുള്ള താക്കീതാണ് തൃശൂരില്‍ ജനം നല്‍കിയത്. കരുവന്നൂര്‍ ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ ഭരണാധികാരികള്‍ക്ക് ഇനിയും പരിഹാരം കാണാന്‍ കഴിഞ്ഞിട്ടില്ല. ബിജെപിക്ക് ആ വിഷയം പരിഹരിക്കാന്‍ കഴിയുമെന്നാണ് തന്റെ പ്രതീക്ഷയെന്നും സുരേഷ് ഗോപി പറഞ്ഞു. സംസ്ഥാന പ്രസിഡണ്ട് കെ.സുരേന്ദ്രന്‍ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പ്രസിഡണ്ട് അഡ്വ. കെ.കെ.അനീഷ് കുമാര്‍ അധ്യക്ഷനായിരുന്നു.കെ. വി.ശ്രീധരന്‍ മാസ്റ്റര്‍, വി.ഉണ്ണികൃഷ്ണന്‍ മാസ്റ്റര്‍, അഡ്വ. ബി. ഗോപാലകൃഷ്ണന്‍, സി. സദാനന്ദന്‍ മാസ്റ്റര്‍,ബി.രാധാകൃഷ്ണ മേനോന്‍, എ.നാഗേഷ്, അഡ്വ.സി.നിവേദിത, അതുല്യഘോഷ് വെട്ടിയാട്ടില്‍, ഷാജുമോന്‍ വട്ടേക്കാട്ട്, അഡ്വ. രവികുമാര്‍ ഉപ്പത്ത്, കെ. ആര്‍. ഹരി, ജസ്റ്റിന്‍ ജേക്കബ് എന്നിവര്‍ പങ്കെടുത്തു.
