ന്യൂയോര്‍ക്ക്: യുഎസ് ഡോളറിന് പകരം മറ്റൊരു കറന്‍സി ഉപയോഗിക്കാനുളള നടപടികള് കൈക്കൊള്ളുന്ന ബ്രിക്സ് രാജ്യങ്ങള്‍ക്ക് (ഇന്ത്യ, ചൈന, റഷ്യ, ദക്ഷിണാഫ്രിക്ക, യുണൈറ്റഡ് അറബ് എമിറേറ്റ്‌സ് ഉള്‍പ്പെടെ) ട്രംപിന്റെ കനത്ത മുന്നറിയിപ്പ്. 47-ാമത് യുഎസ് പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്ത ശേഷമുള്ള പ്രസംഗത്തിലാണ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇക്കാര്യം വീണ്ടും ആവര്‍ത്തിച്ചത്.
“ബ്രിക്സ് രാജ്യങ്ങള് ഡോളറിന് പകരമായി മറ്റൊരു കറന്‍സി സൃഷ്ടിക്കാന് ആഗ്രഹിക്കുന്നുവെങ്കില്, അത് അവര്‍ ചെയ്യട്ടെ. പക്ഷേ, അതിനുശേഷം അവര്‍ അമേരിക്കയുമായി ബിസിനസ് നടത്താന് ശ്രമിക്കുമ്പോള്, കുറഞ്ഞത് 100% താരിഫ് ഏര്‍പ്പെടുത്തും. ഡോളറിന്റെ ആഗോള പ്രാധാന്യം കുറയ്ക്കാന് ശ്രമിക്കുന്നതിന് പോലും അവര്‍ക്കിത് നേരിടേണ്ടി വരും,” ട്രംപ് മുന്നറിയിപ്പ് നല്‍കി.
റഷ്യ, ഇന്ത്യ, ചൈന, ദക്ഷിണാഫ്രിക്ക, യുണൈറ്റഡ് അറബ് എമിറേറ്റ്‌സ് ഉള്‍പ്പെടെ പത്ത് രാജ്യങ്ങളടങ്ങുന്ന ബ്രിക്സ് കഴിഞ്ഞ ഡിസംബറിലും സമാനമായ മുന്നറിയിപ്പിന് പാത്രമായിരുന്നു. “നിങ്ങള്‍ പുതിയ ബ്രിക്സ് കറന്‍സി സൃഷ്ടിക്കില്ലെന്നും, ഡോളറിന് പകരം മറ്റൊരു കറന്‍സി പിന്തുണക്കില്ലെന്നും ഉറപ്പുനല്‍കണം. ഇല്ലെങ്കില്‍ 100% താരിഫ് നേരിടണം,” ട്രംപ് കൂട്ടിച്ചേര്‍ത്തു.
അതേസമയം, ഇന്ത്യ ഒരിക്കലും ഡോളറിനെതിരായ നിലപാട് സ്വീകരിച്ചിട്ടില്ലെന്നും, ബ്രിക്സ് കറന്‍സി വേണമെന്ന ആവശ്യവുമില്ലെന്നുമാണ് കഴിഞ്ഞ ഡിസംബറില് വിദേശകാര്യ മന്ത്രി എസ്. ജയശങ്കറിന്റെ മറുപടി.





