Kerala News

കടലില്‍ കുടുങ്ങിയ ബോട്ടും 8 മത്സ്യതൊഴിലാളികളെയും രക്ഷപ്പെടുത്തി

ഫിഷ് ലാന്‍ഡിങ്ങ് സെന്ററില്‍ നിന്നും മത്സ്യബന്ധനത്തിന് പോയ ശ്രോദ്ധാ മോള്‍ എന്ന ബോട്ടിന്റെ എഞ്ചിന്‍ നിലച്ച് കടലില്‍ കുടുങ്ങിയ 8 മത്സ്യതൊഴിലാളികളെ ഫിഷറീസ് വകുപ്പിന്റെ ബോട്ടില്‍ ഫിഷറീസ് – മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റ് റെസ്‌ക്യൂ സംഘം രക്ഷാപ്രവര്‍ത്തനം നടത്തി കരയിലെത്തിച്ചു. കടലില്‍ 17 നോട്ടിക്കല്‍ മൈല്‍ അകലെ അഴിമുഖം വടക്ക്-പടിഞ്ഞാറ് ഭാഗത്ത് എഞ്ചിന്‍ നിലച്ച് കുടുങ്ങിയ തമിഴ്‌നാട് നാഗര്‍കോവില്‍ സ്വദേശി നിഫ്റ്റിന്‍ എന്നയാളുടെ ഉടമസ്ഥതയിലുള്ള ശ്രേദ്ധാ മോള്‍ എന്ന ബോട്ടും കുളച്ചല്‍ സ്വദേശികളായ 8 മത്സ്യത്തൊഴിലാളികളെയുമാണ് രക്ഷാപ്രവര്‍ത്തനം നടത്തി കരയിലെത്തിച്ചത്.

കഴിഞ്ഞദിവസം ഉച്ചയ്ക്ക് 1.20 മണിയോടുകൂടിയാണ് ബോട്ടും തൊഴിലാളികളും കടലില്‍ കുടുങ്ങി കിടക്കുന്നതായി അഴീക്കോട് ഫിഷറീസ് സ്റ്റേഷനില്‍ സന്ദേശം ലഭിച്ചത്. ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടര്‍ ഡോ. സി. സീമയുടെ നിര്‍ദ്ദേശാനുസരണം മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റ് ആന്‍ഡ് വിജിലന്‍സ് വിങ് ഓഫീസര്‍മാരായ ഇ.ആര്‍ ഷിനില്‍കുമാര്‍, വി.എന്‍ പ്രശാന്ത്കുമാര്‍, വി.എം ഷൈബു, റസ്‌ക്യൂ ഗാര്‍ഡ്മാരായ പ്രസാദ്, കൃഷ്ണപ്രസാദ്, ബോട്ട് സ്രാങ്ക് ദേവസ്സി മുനമ്പം, എഞ്ചിന്‍ ഡ്രൈവര്‍ റോക്കി എന്നിവരും രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കി.

മത്സ്യബന്ധന യാനങ്ങള്‍ വാര്‍ഷിക അറ്റകുറ്റപണികള്‍ കൃത്യമായി നടത്താത്തതും കാലപ്പഴക്കം ചെന്ന മത്സ്യബന്ധനയാനങ്ങള്‍ ഉപയോഗിച്ച് മത്സ്യ ബന്ധനത്തിന് പോകുന്നത്‌കൊണ്ടും കടലില്‍ അപകടങ്ങള്‍ തുടര്‍ക്കഥയാകുകയാണ്. ജില്ലയില്‍ രക്ഷാപ്രവര്‍നത്തിന് ഫിഷറീസ് വകുപ്പിന്റെ 2 ബോട്ടുകള്‍ മുനക്കകടവിലും, അഴീക്കോടും 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റ് യൂണിറ്റ് ഉള്‍പ്പെട്ട ഫിഷറീസ് സ്റ്റേഷനും സജ്ജമാണെന്നും തീര്‍ത്തും സൗജന്യമായാണ് സര്‍ക്കാര്‍ ഈ സേവനം നല്‍കുന്നതെന്നും ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ അബ്ദുള്‍മജീദ് പോത്തുന്നൂരാന്‍ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *