തൃശ്ശൂർ: തിരഞ്ഞെടുപ്പ് പ്രഖ്യാപനവും സ്ഥാനാർത്ഥി പ്രഖ്യാപനവും നടക്കുന്നതിന് മുമ്പേ തന്നെ തൃശ്ശൂർ ലോക്സഭാ മണ്ഡലത്തിൽ പ്രചാരണം ആരംഭിച്ച് നടൻ സുരേഷ് ഗോപി. ബിജെപിയുടെ ബൂത്ത് തല യോഗങ്ങൾക്ക് ഇന്ന് തുടക്കമായി. സംഘടനയുടെ അടിത്തട്ട് ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് ഇന്ന് നാല് മണ്ഡലങ്ങളിൽ സുരേഷ് ഗോപി എത്തിയത്.
നാട്ടിക, പുതുക്കാട്, ഒല്ലൂർ, ഇരിങ്ങാലക്കുട എന്നീ മണ്ഡലങ്ങളിലാണ് ഇന്ന് സുരേഷ് ഗോപി സന്ദർശനം നടതത്തിയത്. കേന്ദ്ര ഫണ്ട് ഉപയോഗിച്ച് നടപ്പാക്കിയ പദ്ധതികൾ ജനങ്ങളിലേക്ക് എത്തിക്കാൻ ആണ് ശ്രമമെന്ന് അദ്ദേഹം പ്രതികരിച്ചു. നേതാക്കളും അണികളും തമ്മിലുള്ള വേർതിരിവ് ഇല്ലാതാക്കാൻ അവർക്കൊപ്പമായി പ്രവർത്തിക്കും.
കോർണർ യോഗങ്ങൾക്ക് പകരം നിയോജകമണ്ഡല കേന്ദ്രീകരിച്ചാണ് ഇപ്പോൾ യോഗങ്ങൾ സംഘടിപ്പിക്കുന്നത്. വരും ദിവസങ്ങളിൽ ബൂത്ത് ഭാരവാഹികളെ വിളിച്ച് മണ്ഡലം കേന്ദ്രീകരിച്ച് കൂടുതൽ പ്രവർത്തനം നടത്താനാണ് ബിജെപിയും സുരേഷ് ഗോപിയും ഉദ്ദേശിക്കുന്നത്.
സുരേഷ് ഗോപി തൃശ്ശൂരിൽ നിന്ന് മത്സരിക്കുമെന്ന് ഏറെക്കുറെ ഉറപ്പായെങ്കിലും, ഔദ്യോഗിക പ്രഖ്യാപനം ഇതുവരെ നടന്നിട്ടില്ല. സുരേഷ് ഗോപിയുടെ സജീവ പ്രചാരണം തൃശ്ശൂർ മണ്ഡലത്തിൽ ചൂടേറിയ തിരഞ്ഞെടുപ്പ് പോരാട്ടത്തിന് സാധ്യത തെളിയിക്കുന്നു.





