ഹൈറിച്ച് ഓണ്‍ലൈന്‍ ഷോപ്പി പ്രൈവറ്റ് ലിമിറ്റഡിന്റെയും അതിന്റെ നടത്തിപ്പുകാരുടെയും സ്വത്തുക്കള്‍ താല്‍ക്കാലികമായി ജപ്തി ചെയ്ത ഉത്തരവ് സ്ഥിരപ്പെടുത്തികൊണ്ട് തൃശ്ശൂര്‍ മൂന്നാം അഡീഷണല്‍ ജില്ലാ സെഷന്‍സ് ജഡ്ജി കെ.എം.രതീഷ്‍കുമാര്‍ ഉത്തരവ് പുറപ്പെടുവിച്ചു. ഹൈറിച്ച് ഓണ്‍ലൈന്‍ ഷോപ്പി പ്രൈവറ്റ് ലിമിറ്റഡിന്റെയും നടത്തിപ്പുകാരുടെയും സ്വത്തു വഹകളും, ബാങ്ക് അക്കൗണ്ടുകളും, വാഹനങ്ങളും മറ്റും താല്‍ക്കാലികമായി ജപ്തി ചെയ്ത സര്‍ക്കാര്‍ നടപടി സ്ഥിരപ്പെടുത്തികൊണ്ടാണ് കോടതി ഉത്തരവിട്ടത് .
കേസില്‍ കമ്പനി പുറപ്പെടുവിച്ച മോര്‍ട്ട്ഗേജ് ക്യപിറ്റല്‍ ബോണ്ടുകള്‍മുതലായ രേഖകള്‍ പ്രോസിക്യൂഷന്‍ തെളിവിലേക്ക് ഹാജരാക്കിയെങ്കിലും ആയതിന്റെ സാധുത എതിര്‍കക്ഷികള്‍ നിഷേധിച്ച സാഹചര്യത്തില്‍ കമ്പനിയുടെ വെബ്സൈറ്റ് നിര്‍മ്മിച്ച കമ്പ്യൂട്ടര്‍ എഞ്ചിനീയറെ കൊണ്ട് തന്നെ വെബ്സൈറ്റ് പരിശോധിക്കുന്നതിന് പബ്ലിക്ക് പ്രോസിക്യൂട്ടര്‍ കോടതി മുമ്പാകെ പ്രത്യേകം ഹര്‍ജി ഫയല്‍ ചെയ്യുകയായിരുന്നു. അപ്രകാരമുളള നടപടികള്‍ അസാധാരണമാണ്. പ്രസ്തുത ഹര്‍ജിക്കൊപ്പം പ്രോസിക്യൂഷന്‍ ഭാഗത്ത് നിന്നും ഹാജരാക്കിയ 70 രേഖകളുടെ അടിസ്ഥാനത്തില്‍ സ്ഥാപനത്തിന്റെ വെബ്സൈറ്റ് വിദഗ്ദരെകൊണ്ട് പരിശോധിപ്പിക്കുന്നതിന് കോടതി ഉത്തരവ് പുറപ്പെടുവിക്കുകയായിരുന്നു. മണിചെയിന്‍ മാതൃകയിലുളള വലിയ തട്ടിപ്പാണ് കമ്പനി നടത്തിയിട്ടുളളതെന്ന് കോടതി നിരീക്ഷിച്ചു. നിഷ്കളങ്കരായ നിക്ഷേപകരുടെ താല്‍പ്പര്യം സംരക്ഷിക്കുന്നതിന് കോടതി ഉത്തരവിലൂടെ കഴിഞ്ഞിട്ടുളളതാണ്.
സ്ഥാപനത്തിന്റെ ഡയറക്ടര്‍മാരായ ആറാട്ടുപുഴ വില്ലേജ് കൊല്ലാട്ട് പ്രതാപന്‍, പ്രതാപന്റെ ഭാര്യയായ ശ്രീന പ്രതാപന്‍ എന്നിവരുടെയുെം മറ്റും പേരിലുളള ഭുസ്വത്തുക്കളും ടിയാരുടെ 66 ബാങ്ക് അക്കൗണ്ടുകളും 11 വാഹനങ്ങളും താല്‍ക്കാലികമായി ജില്ലാ കളക്ടര്‍ ജപ്തി ചെയ്ത നടപടിയാണ് കോടതി സ്ഥിരപ്പെടുത്തിയത്.
വ്യത്യസ്ത പേരുകളിലുളള സ്കീമുകളിലേക്ക് വലിയ തുകകള്‍ വന്‍ പലിശ വാഗ്ദാനം ചെയ്ത് അനധികൃതമായി നിക്ഷേപമായി സ്വീകരിച്ചും അപ്രകാരം കൂടുതല്‍ തുക നിക്ഷേപിക്കുന്നതിന് നിക്ഷേപകരെ പ്രേരിപ്പിച്ചും കേരളത്തില്‍ തന്നെ ഏറ്റവും വലിയ തുകയുടെ നിക്ഷേപ തട്ടിപ്പാണ് കമ്പനി നടത്തിയത്. കേസില്‍ സര്‍ക്കാരിനുവേണ്ടി ഹര്‍ജി ഫയല്‍ ചെയ്ത് വാദം നടത്തിയത് അഡീഷണല്‍ ഗവണ്‍മെന്റ് പ്ലീഡര്‍ & പബ്ലിക്ക് പ്രോസിക്യൂട്ടറായ കെ. എന്‍.സിനിമോള്‍ ആയിരുന്നു.





