ന്യൂഡൽഹി: ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിൽ കൽക്കാജി മണ്ഡലത്തിൽ നിന്നും മുഖ്യമന്ത്രി അതിഷി മർളേന വിജയിച്ചു. 2,795 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് അതിഷി മുൻ എംപി രമേഷ് ബിധൂരിയെ പരാജയപ്പെടുത്തിയത്. വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ ലീഡ് നില മാറിമറിഞ്ഞ് വലിയ അനിശ്ചിതത്വം നിലനിന്നിരുന്നു.
വോട്ടെണ്ണലിന്റെ തുടക്കത്തിൽ പിന്നിലായിരുന്ന അതിഷി അവസാന റൗണ്ടുകളിലാണ് ലീഡ് നേടിയത്. കോൺഗ്രസ് സ്ഥാനാർഥിയായി യുവ നേതാവ് അൽക്ക ലാംബയുമുണ്ടായിരുന്നു.
അതേസമയം, ആം ആദ്മി പാർട്ടിയുടെ മുതിർന്ന നേതാക്കളായ അരവിന്ദ് കെജരിവാള്‍, മനീഷ് സിസോദിയ എന്നിവര്‍ പരാജയപ്പെട്ടു. ന്യൂഡൽഹി മണ്ഡലത്തിൽ ബിജെപിയുടെ പർവേഷ് സാഹിബ് സിങ് വർമ്മയാണ് കെജരിവാളിനെ അട്ടിമറിച്ചത്. നിയമസഭാ തിരഞ്ഞെടുപ്പിൽ കെജരിവാളിന്റെ ആദ്യ തോൽവിയാണിത്.
ജങ്പുര മണ്ഡലത്തിൽ എഎപി നേതാവും മുൻ ഉപമുഖ്യമന്ത്രിയുമായ മനീഷ് സിസോദിയയെ ബിജെപിയുടെ തർവീന്ദർ സിങ് മർവ പരാജയപ്പെടുത്തി. 675 വോട്ടുകളുടെ ഭൂരിപക്ഷത്തോടെയാണ് തർവീന്ദർ സിങിന്റെ വിജയം.
ഗ്രേറ്റർ കൈലാഷ് മണ്ഡലത്തിൽ എഎപി സ്ഥാനാർഥിയും മന്ത്രിയുമായ സൗരഭ് ഭരദ്വാജും തോറ്റു. ബിജെപിയുടെ ശിഖ റോയിയാണ് ഇവിടെ വിജയം നേടിയത്.





