India News Sports

ഐപിഎല്‍ 2025 ഇന്ന് മുതല്‍; ആദ്യ പോരാട്ടത്തില്‍ കൊല്‍ക്കത്ത-ബംഗളൂരു നേര്‍ക്കുനേര്‍

കൊല്‍ക്കത്ത: ക്രിക്കറ്റ് പ്രേമികളുടെ ആവേശം ഉയരുന്ന ഐപിഎല്‍ 2025 സീസണിന് ഇന്ന് തിരിതെളിയുന്നു. ആദ്യ മത്സരത്തില്‍ നിലവിലെ ചാംപ്യന്‍മാരായ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ് റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിനെ നേരിടും. ഇന്ന് വൈകീട്ട് 7.30 മുതലാണ് ഉദ്ഘാടന മത്സരം. കൊല്‍ക്കത്ത ഈഡന്‍ ഗാര്‍ഡന്‍സിലാണ് മത്സരം അരങ്ങേറുന്നത്.

10 ടീമുകള്‍, 74 മത്സരങ്ങള്‍

ഈ സീസണില്‍ 10 ടീമുകളാണ് മാറ്റുരയ്ക്കുന്നത്. 74 മത്സരങ്ങളാണ് ആകെ. രണ്ട് ഗ്രൂപ്പുകളായി തിരിച്ച് മത്സരങ്ങളാണ് നടക്കുക.

ഗ്രൂപ്പ് A: ചെന്നൈ സൂപ്പര്‍ കിങ്‌സ്, കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ്, രാജസ്ഥാന്‍ റോയല്‍സ്, റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരു, പഞ്ചാബ് കിങ്‌സ്.

ഗ്രൂപ്പ് B: മുംബൈ ഇന്ത്യന്‍സ്, സണ്‍റൈസേഴ്‌സ് ഹൈദരാബാദ്, ഗുജറാത്ത് ടൈറ്റന്‍സ്, ഡല്‍ഹി ക്യാപിറ്റല്‍സ്, ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ്.

കൊല്‍ക്കത്തയില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ടുള്ളതിനാല്‍ ഉദ്ഘാടന മത്സരത്തില്‍ മഴ വില്ലനാകുമോയെന്ന് ആശയങ്കയുണ്ട്. കൂടാതെ, 30 മിനിറ്റ് നീളുന്ന കലാപരിപാടികള്‍ ഒരുക്കിയിട്ടുണ്ട്. ബോളിവുഡ് താരം ദിഷ പഠാനി, ഗായിക ശ്രേയ ഘോഷാല്‍, ഗ്ലോബല്‍ സ്റ്റാര്‍ കരണ്‍ ഔജില എന്നിവരുടെ പ്രകടനം ഉദ്ഘാടനത്തിനെ ശ്രദ്ധേയമാക്കും.

2008 ഐപിഎല്‍ ആദ്യ സീസണില്‍ കൊല്‍ക്കത്ത-ബംഗളൂരു പോരാട്ടം ആരാധകര്‍ ഇന്നും ഓര്‍ക്കുന്നുണ്ട്. ബ്രണ്ടന്‍ മക്കെല്ലത്തിന്റെ അതിശക്ത ബാറ്റിങ്ങ് അന്ന് ആരാധകരെ ഞെട്ടിച്ചിരുന്നു.

നാല് പുതിയ നിയമങ്ങള്‍

  • ബൗളര്‍മാര്‍ക്ക് പന്തില്‍ ഉമിനീര്‍ ഉപയോഗിക്കാന്‍ അനുമതി.
  • വൈകീട്ട് മാച്ചുകളില്‍ പത്താം ഓവറിനു ശേഷം പന്ത് മാറ്റം ആവശ്യപ്പെടാം.
  • അച്ചടക്ക ലംഘനങ്ങള്‍ക്കുള്ള വിലക്ക് 36 മാസമായി കൂട്ടിയിട്ടുണ്ട്.
  • DRS വഴി ഹൈറ്റ് നോ ബോള്‍, വൈഡ് എന്നിവ പരിശോധിക്കാം.

മെയ് 25 വരെ നീളുന്ന ഈ ടൂര്‍ണമെന്റില്‍ വാശിയേറിയ പോരാട്ടങ്ങളാകും ക്രിക്കറ്റ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *