Kerala News

മാലിന്യമുക്ത നവകേരളത്തിന്റെ അംബാസഡറായി എംജി ശ്രീകുമാർ; ‘വൃത്തി 2025’ കോൺക്ലേവിലേക്ക് ക്ഷണം

മാലിന്യമുക്ത നവകേരളം പദ്ധതിയുടെ അംബാസഡറാകാൻ സന്നദ്ധത അറിയിച്ച് പ്രശസ്ത ഗായകൻ എംജി ശ്രീകുമാർ മുന്നോട്ടുവന്നു. തദ്ദേശ ഭരണവകുപ്പിന്റെ സ്വപ്നപദ്ധതിയായ ഈ പദ്ധതിയുടെ ഭാഗമാകാൻ അദ്ദേഹം ആഗ്രഹം പ്രകടിപ്പിച്ചുവെന്ന് മന്ത്രി എം ബി രാജേഷ് വ്യക്തമാക്കി.

ഏപ്രിൽ 9 മുതൽ 13 വരെ തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്ന ‘വൃത്തി 2025’ ദേശീയ കോൺക്ലേവിൽ പങ്കെടുക്കാൻ എംജി ശ്രീകുമാറിനെ മന്ത്രി നേരിട്ടാണ് ക്ഷണിച്ചത്. എം ജി ശ്രീകുമാറിന്റെ കൊച്ചി ബോള്‍ഗാട്ടിയിലുള്ള വീട്ടില്‍ നിന്ന് കായലിലേക്ക് മാലിന്യം വലിച്ചെറിയുന്ന ദൃശ്യം പുറത്തു വരികയും തുടര്‍ന്ന് ഗായകന്‍ ഇതിന്റെ പിഴയായി 25,000 രൂപ അടയ്ക്കുകയും ചെയ്തിരുന്നു. തന്റെ വീട്ടിലെ ജോലിക്കാരി മുറ്റത്തു വീണു കിടന്ന മാമ്പഴത്തിന്റെ അവശിഷ്ടങ്ങളാണ് ഇത്തരത്തില്‍ കായലില്‍ ഇട്ടതെന്നും അത് തെറ്റാണെന്ന് ബോധ്യപ്പെട്ടതിനാലാണ് പിഴ അടച്ചതെന്നും എം ജി ശ്രീകുമാര്‍ പിന്നീട് വ്യക്തമാക്കുകയും ചെയ്തിരുന്നു. മാലിന്യം കായലിലേക്കു വലിച്ചെറിയുന്ന ദൃശ്യങ്ങള്‍ പകര്‍ത്തിയയാളെയും കോണ്‍ക്ലേവിലേക്കു ക്ഷണിച്ചിട്ടുണ്ട്.

ഏപ്രിൽ 9ന് മുഖ്യമന്ത്രിപിണറായി വിജയൻ കോൺക്ലേവ് ഉദ്ഘാടനം ചെയ്യും. സമാപന സമ്മേളനം ഏപ്രിൽ 12ന് സംസ്ഥാന ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ ഉദ്ഘാടനം ചെയ്യും. രണ്ടു ചടങ്ങുകളിലും തദ്ദേശ വകുപ്പ് മന്ത്രി എം ബി രാജേഷ് അധ്യക്ഷത വഹിക്കും.

Leave a Reply

Your email address will not be published. Required fields are marked *