വാഷിങ്ടൺ: ഇന്ത്യ-പാകിസ്ഥാൻ സംഘർഷത്തിൽ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഇടപെടില്ലെന്ന് പ്രഖ്യാപിച്ചു. പഹൽഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ, ഇരു രാജ്യങ്ങളുടെയും ബന്ധം കൂടുതൽ വഷളാകുമ്പോഴാണ് ട്രംപ് തന്റെ നിലപാട് വ്യക്തമാക്കിയത്.
“ഇന്ത്യയുമായി എനിക്ക് അടുത്ത ബന്ധമുണ്ട്. പാകിസ്ഥാന്റേയും അടുത്തയാളാണ് ഞാൻ. കശ്മീരിൽ കഴിഞ്ഞ 1,500 വർഷമായി സംഘർഷം നിലനിൽക്കുന്നു. ഇരുരാജ്യങ്ങളും ചേർന്ന് പ്രശ്നം പരിഹരിക്കും എന്നുറപ്പുണ്ട്,” എന്ന് ട്രംപ് പറഞ്ഞു. “ഇരു രാജ്യങ്ങളിലെയും നേതാക്കളെ ഞാൻ വ്യക്തിപരമായി പരിചയമുള്ളവരാണ്. ഇരു രാജ്യങ്ങളും തമ്മിൽ എക്കാലത്തും വലിയ സംഘർഷമുണ്ടായിട്ടുണ്ട്’- ട്രംപ് വ്യക്തമാക്കി.
ഭീകരാക്രമണത്തിനു പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഫോണിൽ വിളിച്ച് ട്രംപ് ശക്തമായി അപലപിച്ചിരുന്നു. ഹീനമായ ആക്രമണം നടത്തിയ കുറ്റവാളികളെ നിയമത്തിനു മുന്നിൽ കൊണ്ടു വരുന്നതിൽ ഇന്ത്യക്കു പൂർണ പിന്തുണയും അദ്ദേഹം അറിയിച്ചിരുന്നു.





