India Kerala News

കേരള ഇനി മുതൽ ‘കേരളം’; പേരുമാറ്റ ബില്ലിന് രാഷ്ട്രപതിയുടെ അംഗീകാരം

ന്യൂഡൽഹി: ‘കേരള’ത്തിൽ നിന്ന് ‘കേരളം’ എന്നാക്കി മാറ്റുന്നതിനുള്ള കേരള (Alteration of Name) ബില്ലിന് രാഷ്ട്രപതി ദ്രൗപദി മുർമു അംഗീകാരം നൽകി. ഇതോടെ പേരുമാറ്റത്തിനുള്ള നിയമനടപടികൾ പൂർത്തിയായി ബിൽ നിയമമായി.

2026ലെ കേരള (Alteration of Name) ബിൽ ലോക്സഭ ഓഗസ്റ്റ് 11നും രാജ്യസഭ ഓഗസ്റ്റ് 12നും പാസാക്കിയിരുന്നു. ഭരണഘടനയുടെ ആർട്ടിക്കിൾ 3 പ്രകാരം ഒന്നാം പട്ടികയിൽ ‘Kerala’ എന്നതിന് പകരം ‘Keralam’ എന്ന് രേഖപ്പെടുത്തുന്നതിനുള്ള ഭേദഗതിയാണ് ബില്ലിലൂടെ നടപ്പാക്കുന്നത്. ഇതോടെ നീണ്ട കാലത്തെ പോരാട്ടങ്ങൾക്കാണ് വിരാമമായത്.

സംസ്ഥാനത്തിൻ്റെ പേര് ‘കേരളം’ എന്നാക്കണമെന്നാവശ്യപ്പെട്ട് കേരള നിയമസഭ 2024ൽ ഏകകണ്ഠമായി പ്രമേയം പാസാക്കിയിരുന്നു. സംസ്ഥാന സർക്കാർ ഈ പ്രമേയം 2024 ജൂണിൽ കേന്ദ്രത്തിന് കൈമാറി. തുടർന്ന് രാഷ്ട്രപതി ബിൽ സംസ്ഥാന നിയമസഭയുടെ അഭിപ്രായത്തിനായി അയയ്ക്കുകയും നിയമസഭ വീണ്ടും ഐക്യകണ്ഠേന പേരുമാറ്റത്തെ പിന്തുണയ്ക്കുകയും ചെയ്യുകയായിരുന്നു.

രാഷ്ട്രപതിയുടെ അംഗീകാരത്തോടെ സംസ്ഥാനത്തിൻ്റെ ഔദ്യോഗിക പേര് ഇനി മുതൽ ‘കേരളം’ എന്നായിരിക്കും. പുതിയ പേര് പ്രാബല്യത്തിൽ വരുന്നത് സംബന്ധിച്ച ഔദ്യോഗിക വിജ്ഞാപനം കേന്ദ്രസർക്കാർ പുറപ്പെടുവിക്കുന്നതോടെ കേരള എന്നത് കേരളം എന്ന പേരിലേക്ക് മാറും.

Leave a Reply

Your email address will not be published. Required fields are marked *