Kerala News

ഷഹബാസ് വധക്കേസ്: പ്രതികള്‍ക്ക് പ്ലസ് വൺ പ്രവേശനത്തിന് ഹൈക്കോടതിയുടെ അനുമതി; വിദ്യാഭ്യാസ സൗകര്യങ്ങള്‍ ഒരുക്കാൻ നിർദ്ദേശം

കൊച്ചി: താമരശ്ശേരി ഷഹബാസ് വധക്കേസിലെ പ്രായപൂര്‍ത്തിയാകാത്ത പ്രതികളായ വിദ്യാര്‍ഥികള്‍ക്ക് തുടര്‍ വിദ്യാഭ്യാസത്തിന് അനുമതി നല്‍കി കേരള ഹൈക്കോടതി. കോഴിക്കോട് ഒബ്‌സര്‍വേഷന്‍ ഹോമില്‍ കഴിയുന്ന പ്രതികള്‍ക്ക് പ്ലസ് വണ്ണിലേക്കുള്ള പ്രവേശനത്തിനായി ആവശ്യമായ എല്ലാ സൗകര്യങ്ങളും ഒരുക്കണമെന്ന് ഹോം സൂപ്രണ്ടിനോട് കോടതി നിർദ്ദേശിച്ചു. പ്ലസ് വൺ പ്രവേശനത്തിനുള്ള അവസാന തീയതി നാളെയായതിനാൽ പ്രത്യേക പരിഗണന ആവശ്യപ്പെട്ടായിരുന്നു പ്രതികളുടെ കോടതിയിലേക്കുള്ള അപ്പീല്‍.

പ്രവേശനം തടയരുതെന്നും ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു. കൂടാതെ, പ്രതികള്‍ക്ക് സംരക്ഷണം ഉറപ്പാക്കാൻ താമരശ്ശേരി പൊലീസിനോടും കോടതി നിര്‍ദേശം നല്‍കി.

മാര്‍ച്ച് 1ന് സഹപാഠികളുടെ ക്രൂരമായ മര്‍ദനത്തിന് ശേഷം ചികിത്സയില്‍ കഴിയുന്നതിനിടെയാണ് ഷഹബാസ് മരിച്ചത്. സംഭവം സംബന്ധിച്ച് പ്രായപൂര്‍ത്തിയാകാത്ത ആറ് സഹപാഠികളെ അറസ്റ്റ് ചെയ്തിരുന്നു. ഇവരെ കോഴിക്കോട് ഒബ്‌സര്‍വേഷന്‍ ഹോമില്‍ പാര്‍പ്പിച്ചിരിക്കുകയാണ്.

107 സാക്ഷികളെയും ഡിജിറ്റല്‍ തെളിവുകളായ ഇന്‍സ്റ്റഗ്രാം ഗ്രൂപ്പിലെ ചാറ്റുകളെയും ഉള്‍പ്പെടുത്തി ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിന് മുന്നിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്. കൊലപാതകത്തിന് പിന്നിലെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട കേസ് പ്രത്യേകമായി അന്വേഷിക്കും.

പ്രതികളുടെ പത്താം ക്ലാസ് പരീക്ഷാ ഫലം നേരത്തെ വിദ്യാഭ്യാസ വകുപ്പ് പ്രഖ്യാപിക്കാതിരുന്നതിനെയും ഹൈക്കോടതി വിമര്‍ശിച്ചിരുന്നു. തുടര്‍ന്ന് ഫലം പ്രഖ്യാപിക്കുകയായിരുന്നു. ഷഹബാസ് താമരശ്ശേരി എം ജെ ഹയര്‍ സെക്കന്ററി സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ഥിയായിരുന്നു. എസ്എസ്എല്‍സിക്ക് ഒരു വിഷയം മാത്രമാണ് എഴുതിയിരുന്നത്. ഈ വിഷയത്തില്‍ ഷഹബാസിന് എ പ്ലസ് ലഭിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *