India News

അന്താരാഷ്ട്ര സര്‍വീസുകൾ 15% കുറച്ച് എയർ ഇന്ത്യ; നിയന്ത്രണം ജൂലൈ പകുതിവരെ തുടരും

ന്യൂഡൽഹി: അഹമ്മദാബാദ് വിമാന ദുരന്തത്തെത്തുടർന്ന് എയർ ഇന്ത്യ വലിയ വിമാനങ്ങൾ ഉപയോഗിച്ചുള്ള അന്താരാഷ്ട്ര സർവീസുകൾ 15 ശതമാനം വരെ കുറയ്ക്കുന്നു. ഈ നിയന്ത്രണങ്ങൾ ജൂലൈ പകുതിവരെ തുടരാൻ സാധ്യതയുണ്ടെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

നിര്ബന്ധിത സുരക്ഷാ പരിശോധനകൾ, വ്യോമാതിർത്തി നിയന്ത്രണങ്ങൾ, പാശ്ചാത്യേഷ്യയിലെ സംഘർഷങ്ങൾ, സാങ്കേതിക പ്രശ്നങ്ങൾ എന്നിവയെ അടിസ്ഥാനമാക്കിയാണ് സര്‍വീസുകള്‍ കുറയ്ക്കുന്നതെന്ന് എയർ ഇന്ത്യ അറിയിച്ചു. വിമാനങ്ങളുടെ പ്രവർത്തനക്ഷമത ഉറപ്പാക്കുന്നതിനാണ് ഈ നടപടികളെന്നാണ് കമ്പനി വ്യക്തമാക്കുന്നത്.

ജൂൺ 20 മുതൽ പ്രാബല്യത്തിൽ വരുന്ന പുതുക്കിയ അന്താരാഷ്ട്ര ഷെഡ്യൂൾ ഉടൻ പുറത്തിറക്കുമെന്ന് എയർ ഇന്ത്യ അറിയിച്ചു. സർവീസ് റദ്ദാകുന്നതിനാൽ യാത്രക്കാരെ ബാധിക്കാതിരിക്കാൻ റീബുക്കിങ്, പൂർണ്ണ റീഫണ്ട്, അധിക ചെലവില്ലാത്ത യാത്രാ സൗകര്യങ്ങൾ എന്നിവ ഒരുക്കുമെന്നും കമ്പനി അറിയിച്ചു.

അഹമ്മദാബാദ് അപകടത്തിന് ശേഷം കഴിഞ്ഞ ആറ് ദിവസത്തിനിടെ 83 അന്താരാഷ്ട്ര സർവീസുകൾ എയർ ഇന്ത്യ റദ്ദാക്കിയിട്ടുണ്ട്. കമ്പനിയുടെ 33 ബോയിങ് 787-8/9 വിമാനങ്ങളിൽ 26 വിമാനങ്ങളുടെ സുരക്ഷാ പരിശോധന പൂർത്തിയായതായും, ഇവ സർവീസിന് തയ്യാറാണെന്നും, ശേഷിക്കുന്നവയുടെ പരിശോധന പുരോഗമിക്കുകയാണെന്നും കമ്പനി വ്യക്തമാക്കി.

എയർ ഇന്ത്യ ബോയിങ് 777 വിമാനങ്ങളിലും സ്വന്തം നിലയ്ക്ക് സുരക്ഷാ പരിശോധന നടത്തുകയാണെന്നും, അപകടത്തിന് കാരണമായ സാഹചര്യം കണ്ടെത്തുന്നതിനുള്ള അന്വേഷണം തുടരുകയാണെന്നും എയർ ഇന്ത്യ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *