Kerala News

അഹമ്മദാബാദ് വിമാന ദുരന്തം: നഴ്‌സ് രഞ്ജിതയുടെ മൃതദേഹം കേരളത്തിലെത്തി; സംസ്‌കാരം ഇന്ന് വൈകീട്ട്

അഹമ്മദാബാദില്‍ വിമാനാപകടത്തില്‍ മരിച്ച പത്തനംതിട്ട സ്വദേശിനി രഞ്ജിത ജി നായരുടെ മൃതദേഹം തിരുവനന്തപുരത്ത് എത്തിച്ചു. മന്ത്രി വി. ശിവന്‍കുട്ടി വിമാനത്താവളത്തില്‍ മൃതദേഹം ഏറ്റുവാങ്ങി. തുടർന്ന് മന്ത്രി ജി.ആര്‍. അനിലും സിപിഎം ജനറല്‍ സെക്രട്ടറി എം.എ. ബേബിയും എം.വി. ഗോവിന്ദനും കോണ്‍ഗ്രസ് നേതാവ് തിരുവഞ്ചൂര്‍ രാധാകൃഷ്ണനും ബിജെപി നേതാവ് എസ്. സുരേഷും അടക്കമുള്ള പ്രമുഖര്‍ അന്തിമോപചാരം അര്‍പ്പിച്ചു.

മൃതശരീരം പിന്നീട് രഞ്ജിതയുടെ സ്വദേശമായ പത്തനംതിട്ടയിലെ പുല്ലാട്തേക്ക് കൊണ്ടുപോയി. രാവിലെ 10 മണിക്ക് പുള്ളാട് ശ്രീ വിവേകാനന്ദ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പൊതുദര്‍ശനം നടത്തും. പിന്നീട് ഉച്ചയ്ക്ക് 1.30ന് മൃതദേഹം വീട്ടിലേക്കും വൈകിട്ട് 4.30ന് സംസ്‌കാര ചടങ്ങുകളും നടക്കും.

അഹമ്മദാബാദ് വിമാന ദുരന്തത്തില്‍ മരിച്ച മലയാളി നഴ്‌സ് രഞ്ജിതയുടെ മൃതദേഹം ഇന്നലെയാണ് തിരിച്ചറിഞ്ഞത്. വിമാന ദുരന്തം നടന്ന് പതിനൊന്ന് ദിവസങ്ങള്‍ക്ക് ശേഷമാണ് ഡിഎന്‍എ പരിശോധനയിലൂടെ മൃതദേഹം തിരിച്ചറിയുന്നത്. സഹോദരന്റെ ഡിഎന്‍എ സാംപിള്‍ ഉപയോഗിച്ചായിരുന്നു രഞ്ജിതയുടെ മൃതദേഹം തിരിച്ചറിയാന്‍ വേണ്ട പരിശോധന നടത്തിയത്. എന്നാല്‍ ഇത് ഫലം കാണാതായതോടെ അമ്മയുടെ ഡി എന്‍ എ സാംപിളും പരിശോധനക്ക് എത്തിച്ചിരുന്നു.

അഹമ്മദാബാദ് വിമാന ദുരന്തത്തില്‍ 270 പേര്‍ മരിച്ചിട്ടുണ്ടെന്നാണ് കണക്കുകള്‍. ഡിഎന്‍എ പരിശോധയില്‍ 231 ശരീരങ്ങള്‍ തിരിച്ചറിഞ്ഞിട്ടും രഞ്ജിതയുടെ ശരീരം മാച്ചിങ്ങില്‍ കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. തിങ്കളാഴ്ച പുറത്തുവന്ന വന്ന ഫലത്തിലാണ് ശരീരം കണ്ടെത്തിയത്. 

സംസ്ഥാന സര്‍ക്കാര്‍ സേവനത്തിലെ നഴ്‌സായിരുന്ന രഞ്ജിത, വിദേശത്ത് ജോലി ചെയ്യുന്നതിനായി ലീവ് എടുത്തിരിക്കുകയായിരുന്നു. സര്‍ക്കാര്‍ ജോലിയില്‍ വീണ്ടും ചേരുന്നതിനുള്ള നടപടികള്‍ പൂര്‍ത്തിയാക്കി നാട്ടിലേക്ക് മടങ്ങുമ്പോഴാണ് വിമാനാപകടം സംഭവിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *