Kerala News

പൂമല ഡാമില്‍ പെഡല്‍ ബോട്ടിംഗ് ആരംഭിച്ചു

വാടക്കാഞ്ചേരിയുടെ ടൂറിസം വികസനതിന് പുതിയ അധ്യായം കുറിച്ച് പൂമല ഡാമില്‍ പെഡല്‍ ബോട്ടിംഗിന് തുടക്കമായി. വിനോദസഞ്ചാര വകുപ്പിന്റെ ഭരണാനുമതിയോടെ നവീകരണ പ്രവത്തനങ്ങള്‍ നടക്കുന്ന പൂമല ഡാമില്‍ ആദ്യഘട്ടമായാണ് പെഡല്‍ ബോട്ടിംഗ് ആരംഭിച്ചത്. പെഡല്‍ ബോട്ടിംഗ് സേവ്യര്‍ ചിറ്റിലപ്പിള്ളി എം.എല്‍.എ ഉദ്ഘാടനം നിര്‍വ്വഹിച്ചു. ജില്ല കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍ അധ്യക്ഷനായി.

ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന്റെ ആഭിമുഖ്യത്തിലാണ് പെഡല്‍ ബോട്ട് സവാരി സജ്ജമാക്കിയിരിക്കുന്നത്. പെഡല്‍ ബോട്ടുകള്‍ക്കൊപ്പം, കയാക്കിങ്, ഫൈബര്‍ വഞ്ചികള്‍, സോളാര്‍ ബോട്ടുകള്‍, കൊട്ടവഞ്ചികള്‍ തുടങ്ങിയ സവാരികളും ഘട്ടം ഘട്ടമായി ഡാമില്‍ ഒരുക്കും. പൂമല ഡാമില്‍ 3.85 കോടി രൂപയുടെ വിവിധ വികസന പ്രവര്‍ത്തനങ്ങളാണ് വിനോദസഞ്ചാര വകുപ്പിന്റെ ഭരണാനുമതിയോടെ നടത്തുന്നത്. ഡാമിനോട് ചേര്‍ന്നുള്ള കമ്മ്യൂണിറ്റി ഹാള്‍, നാല് എക്കോ ഹട്ടുകള്‍, രണ്ട് കിയോസ്‌ക്, എക്കോ സൈക്കിള്‍ പാത, പാര്‍ക്കിംഗ് ഏരിയ, കളി ഉപകരണങ്ങള്‍, പാര്‍ക്ക്, ബോട്ട് ജെട്ടി, റെസ്റ്റോറന്റ് ഏരിയ തുടങ്ങിയ നവീകരണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്.

ചടങ്ങില്‍ മുളങ്കന്നത്തുകാവ് പഞ്ചായത്ത് പ്രസിഡന്റ് കെ.ജെ ദേവസി, തൃശ്ശൂര്‍ ഡി.ടി.പി.സി സെക്രട്ടറി സി. വിജയ് രാജ്, പുഴക്കല്‍ ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ജെസി ഷാജന്‍, മുളങ്കുന്നത്തുകാവ് ഗ്രാമപഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി അംഗം ഫ്രാന്‍സി, വാര്‍ഡ് മെമ്പര്‍ സി.പി ജോര്‍ജ്, ടി.എസ്.സി ബാങ്ക് പ്രസിഡന്റ് എ.എന്‍ കൃഷ്ണകുമാര്‍, പറമ്പായ് ക്ഷീരവികസന സമിതി പ്രസിഡന്റ് സിബി തോമസ്, പൂമല എച്ച്.എസ്.എസ് മാനേജര്‍ എ.ആര്‍ ചന്ദ്രന്‍, തൃശ്ശൂര്‍ മൈനര്‍ ഇറിഗേഷന്‍ എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ സീനാ ബീഗം, ജനപ്രതിനിധികള്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *