Kerala News

നിപ: സംശയമുള്ള രോഗികളെ പ്രവേശിപ്പിക്കാന്‍ പ്രത്യേക വാര്‍ഡ് അനുവദിച്ചു

  • പരിഭ്രാന്തരാകേണ്ടതില്ലെന്ന് ജില്ലാ ആരോഗ്യ വിഭാഗം
  • കൺട്രോൾ റൂം തുറന്നു

നിപ വൈറസ് വ്യാപനത്തിനെതിരായ മുന്‍കരുതലിന്റെ ഭാഗമായി, സംശയമുള്ള രോഗികളെ പ്രവേശിപ്പിക്കാന്‍ കോഴിക്കോട് മെഡിക്കല്‍ കോളേജിലെ കെഎച്ച്ആര്‍ഡബ്ല്യുഎസ് പേ വാര്‍ഡിലെ ഒരു ഭാഗം അനുവദിച്ച് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയര്‍മാന്‍ കൂടിയായ ജില്ലാ കലക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിങ് ഉത്തരവിട്ടു. നിപ വൈറസ് ബാധക്കെതിരായ മുന്‍കരുതലുകളെയും രോഗവ്യാപനം തടയുന്നതിനുള്ള പ്രതിരോധ നടപടികളെയും കുറിച്ച് സംസ്ഥാന ആരോഗ്യ-കുടുംബക്ഷേമ വകുപ്പിന്റെ മാര്‍ഗനിര്‍ദേശങ്ങളെ തുടര്‍ന്നാണ് നടപടി.

കോഴിക്കോട് ജില്ലയിലെ ഒരു സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയ ശേഷം മരിച്ച രോഗി നിപ ബാധിതയാണെന്ന് പ്രാഥമിക പരിശോധനയിൽ തെളിഞ്ഞതായി ജില്ലാ മെഡിക്കൽ ഓഫീസർ (ആരോഗ്യം) ഡോ. കെ കെ രാജാറാം അറിയിച്ചു. ഇവർക്ക് പൊതുജനങ്ങളുമായി സമ്പർക്കമുണ്ടായിട്ടില്ല. അതിനാൽ ജനങ്ങൾ പരിഭ്രാന്തരാകേണ്ടതില്ല. സംഭവവുമായി ബന്ധപ്പെട്ട് 43 ആരോഗ്യപ്രവർത്തകർ നിരീക്ഷണത്തിലാണ്. നിപയുമായി ബന്ധപ്പെട്ട സംശയങ്ങൾ അകറ്റാൻ രാവിലെ ഒമ്പത് മണി മുതൽ വൈകീട്ട് അഞ്ച് മണിവരെ നിപ പ്രത്യേക കൺട്രോൾ റൂം പ്രവർത്തനമാരംഭിച്ചതായും ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു.
ഫോൺ നമ്പർ: 04952373903.

Leave a Reply

Your email address will not be published. Required fields are marked *